KeralaLatest NewsLocal news

ഹൈറേഞ്ചിന്റെ അമ്മപ്പള്ളി, മൂന്നാര്‍ ബസിലിക്ക ആദ്യകാല മിഷണറിലിഖിതങ്ങളില്‍; പുസ്തകം പുറത്തിറങ്ങി

മൂന്നാര്‍: സ്പാനിഷ് മിഷനറിമാരായ വൈദികരും ബിഷപ്പുമാരും അയച്ച കത്തുകളും കുറിപ്പുകളും ഉപയോഗിച്ച് ഹൈറേഞ്ചിലെ ആദ്യ മൈനര്‍ ബസിലിക്ക യായ മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ബസിലിക്കയുടെ ചരിത്രം രൂപപ്പെടുത്തി. പള്ളിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ മൂന്നു ഭാഷകളിലായിട്ടാണ് പുസ്തക രൂപത്തിലാക്കിയിട്ടുള്ളത്. വിജയപുരം രൂപതയിലെ വൈദികരായ ഫാ.അനോഷ് ഏബ്രഹാം, ഫാ.ആന്റണി പാട്ടപ്പറമ്പില്‍, ചിന്നക്കനാല്‍ ഫാത്തിമ മാതാ സ്‌കൂളിലെ അധ്യാപകനായ ജി.സോജന്‍ എന്നിവര്‍ ചേര്‍ന്നാണ് ഹൈറേഞ്ചിന്റെ അമ്മപ്പള്ളി, മൂന്നാര്‍ ബസിലിക്ക ആദ്യകാല മിഷണറിലിഖിതങ്ങളില്‍ എന്ന പേരില്‍ തമിഴ്, മലയാളം, ഇംഗ്ലിഷ് ഭാഷകളില്‍ പുസ്തകം രചിച്ചിട്ടുള്ളത്.

വര്‍ഷങ്ങള്‍ക്ക് മുമ്പെ മൂന്നാറിലെത്തിയ സ്പാനിഷ് മിഷനറിമാരായ വൈദികരും ബിഷപ്പുമാരും അയച്ച കത്തുകളും കുറിപ്പുകളും ഉള്‍കൊള്ളുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പള്ളിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ ഇതില്‍ നിന്നും വായിച്ചെടുക്കാം. മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ബസിലിക്കയുടെ ചരിത്രമെങ്കിലും മൂന്നാറിന്റെ ചരിത്രം കൂടി പറയുകയാണ് ഈ പുസ്തകം. കര്‍മലീത്താ സഭയുടെ സ്‌പെയിനിലെ നവാറ പ്രോവിന്‍സില്‍ നിന്നുള്ള ഫാ. അല്‍ഫോന്‍സ് മരിയ ഒസിഡിയാണ് 1893ല്‍ വരാപ്പുഴ രൂപതയില്‍ വൈദികനായെത്തി 1894ല്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നാറിലെത്തി മലമുകളില്‍ ഓലകൊണ്ടു മേഞ്ഞ ആദ്യ മൗണ്ട് കാര്‍മല്‍ പള്ളി സ്ഥാപിച്ചത്.

1900 മുതല്‍ അദ്ദേഹവും തുടര്‍ന്നു മൂന്നാറില്‍ സേവനം ചെയ്ത മിഷനറിമാരും ഇവിടം സന്ദര്‍ശിച്ച ബിഷപ്പുമാരും മൂന്നാറിനെപ്പറ്റി സ്പാനിഷ് – ഫ്രഞ്ച് ഭാഷകളില്‍ എഴുതി സ്വദേശത്തേക്ക് അയച്ച കുറിപ്പുകളും കത്തുകളും യാത്രാവിവരണങ്ങളുമാണ് ബസിലിക്കയുടെ ചരിത്രമായി പുസ്തക രൂപത്തിലാക്കിയിരിക്കുന്നത്. ഹൈറേഞ്ചിലെ ആദ്യ ദേവാലയമായ മൂന്നാര്‍ മൗണ്ട് കാര്‍മല്‍ പള്ളി 2024 മേയ് 25നാണ് ബസിലിക്കയായി ഉയര്‍ത്തപ്പെട്ടത്.

കഴിഞ്ഞ ദിവസം ദേവാലയത്തിന്റെ തിരുനാളിനോടനുബന്ധിച്ച നടന്ന ചടങ്ങില്‍ വച്ച് പുസ്തകത്തിന്റെ പ്രകാശനം നടന്നു. മൗണ്ട് കാര്‍മല്‍ പള്ളിയുടെ ചരിത്രത്തിനൊപ്പം മൂന്നാറിന്റെ ചരിത്രാന്വേഷികള്‍ക്ക് കൂടി സഹായകമാകുന്ന ഉള്ളടക്കങ്ങളാണ് പ്രണാത ബുക്ക്്്‌സ് പുറത്തിറക്കിയിട്ടുള്ള ഈ പുസ്തകത്തില്‍ ഉള്ളത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!