ഇടുക്കി ജില്ലാ ക്ഷീരകര്‍ഷകസംഗമം : ഉദ്ഘാടനം 24 ന് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും

ക്ഷീരവികസന വകുപ്പിന്റേയും ഇടുക്കി ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിക്കുന്നു. ക്ഷീരകര്‍ഷകസംഗമം പൊതുസമ്മേളനം ഉദ്ഘാടനവും ത്രിതലപഞ്ചായത്തുകള്‍ നടപ്പാക്കുന്ന ക്ഷീരമേഖലയിലെ നൂതന പദ്ധതികളുടെ ഉദ്ഘാടനവും ഇരട്ടയാര്‍ സെന്റ് തോമസ് ചര്‍ച്ച് ഓഡിറ്റേറിയത്തില്‍ ഒക്ടോബര്‍ 24 ന് രാവിലെ 10 ന് ക്ഷീരവികസനമൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും.അഡ്വ ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണം നടത്തും.
ക്ഷീരമേഖലയിലെ പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും ചര്‍ച്ച ചെയ്യുന്നതിനും പുതിയ സംരംഭകരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും ക്ഷീരവികസന വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ക്ഷീരകര്‍ഷകര്‍ക്ക് അവബോധം നല്‍കുന്നതും ലക്ഷ്യമിട്ടാണ് ഈ വര്‍ഷം ക്ഷീരസംഗമം സംഘടിപ്പിക്കുന്നത്.
ഉദ്ഘാടനസമ്മേളനത്തെ തുടര്‍ന്ന് ഡയറി എക്സ്പോ , വിരമിച്ച ക്ഷീരസഹകരണ സംഘം ജീവനക്കാരെ ആദരിക്കല്‍, ക്ഷീരസഹകരണ സംഘം പ്രതിനിധികള്‍ക്കുളള ശില്പശാല, ക്ഷീരസഹകരണ സംഘങ്ങളിലെ ആദായനികുതി കണക്കാക്കല്‍, ഡയറി ക്വിസ്, ക്ഷീരസംഘം ജീവനക്കാരേയും ഭരണസമിതി അംഗങ്ങളെയും ക്ഷീരകര്‍ഷകരേയും കുട്ടികളേയും ഉള്‍പ്പെടുത്തിയുള്ള കലാകായിക മത്സരങ്ങള്‍ തുടങ്ങിയവ നടക്കും.
യോഗത്തില്‍ എം.എല്‍.എ.മാരായ എം.എം. മണി, പി.ജെ. ജോസഫ്. അഡ്വ എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. രാരിച്ചന്‍ നീറണാക്കുന്നേല്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, സംസ്ഥാന ക്ഷീരകര്‍ഷക ക്ഷേമനിധി ചെയര്‍മാന്‍ വിപി ഉണ്ണികൃഷ്ണന്‍, എറണാകുളം മില്‍മ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍. വത്സലന്‍ പിള്ള, പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സഹകരണ നേതാക്കള്‍ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ക്ഷീരസംഗമത്തില്‍ പങ്കെടുക്കും.