
സംസ്ഥാന സ്കൂള്‍ കായികമേളയിലെ അതിവേഗ താരമായി ജെ.നിവേദ് കൃഷ്ണ. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ 10.79 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് പാലക്കാടിന്റെ നിവേദ് കൃഷ്ണ സ്വര്‍ണം നേടി. 10.88 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മലപ്പുറത്തിന്റെ ഫസലുല്‍ ഹഖ് രണ്ടാമതായി. മലപ്പുറത്തിന്റെ തന്നെ അഭിഷേകിനാണ് മൂന്നാം സ്ഥാനം. 10.98 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ആലപ്പുഴ സ്വദേശി അതുല്‍ ടി എം. ചരിത്രം കുറിച്ചു.10.81 സെക്കന്‍ഡില്‍ ഫിനിഷിങ് പോയിന്റ് കടന്ന അതുല്‍ മീറ്റ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്.11 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കോട്ടയത്തിന്റെ ശ്രീഹരിക്കാണ് ഈ വിഭാഗത്തില്‍ വെള്ളി.
100 മീറ്റര്‍ പെണ്‍കുട്ടികളുടെ സീനിയര്‍ വിഭാഗത്തില്‍ മലപ്പുറത്തിന്റെ ആദിത്യ അജി വേഗ റാണിയായി. 12.11 സെക്കന്‍ഡിലാണ് ആദിത്യ ഫിനിഷ് ചെയ്തത്. കോഴിക്കോട് ജ്യോതി ഉപാദ്യായ 12.26 സെക്കന്‍ഡില്‍ ഫിനിഷിങ് പോയിന്റിലെത്തി വെള്ളി നേടി. തിരുവനന്തപുരത്തിന്റെ അനന്യ സുരേഷാണ് മൂന്നാമത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് താരം ദേവനന്ദ സ്വര്‍ണം നേടി. 12.45 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. തിരുവനന്തപുരത്തിന്റെ നന്ദന (12.46) രണ്ടാമതും കണ്ണൂരിന്റെ മിഥുന ടി.പി (12.52) മൂന്നാമതുമായി.
സബ്ജൂനിയര് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടിന്റെ സഞ്ജയ്ക്കാണ് സ്വര്‍ണം. 11.97 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. ഗള്‍ഫ് വിദ്യാര്‍ഥിയായ സ്വാനിക് ജോഷൗ ആണ് രണ്ടാം സ്ഥാനത്ത്. മലപ്പുറത്തിന്റെ നീരജിനാണ് മൂന്നാം സ്ഥാനം.



