CrimeLatest NewsNational

കഴിഞ്ഞ ആറ് മാസത്തിനിടെ പ്രധാന നഗരങ്ങളിൽ നിക്ഷേപ തട്ടിപ്പിനിരയായത് 30,000ത്തിലധികം പേർ

രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ നിക്ഷേപ തട്ടിപ്പിന് ഇരയായത് 30,000ലധികം പേരെന്ന് റിപ്പോര്‍ട്ട്. ആകെ 1500 കോടി രൂപയിലധികം നഷ്ടം തട്ടിപ്പിലൂടെയുണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ വിങ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ബെംഗളൂരു, ഡല്‍ഹി-എന്‍സിആര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള 65 ശതമാനം കേസുകളിലും തട്ടിപ്പിനിരയായത് 30നും 60നുമിടയിലുള്ളവരാണ്.

തട്ടിപ്പിലൂടെ ഏറ്റവും കൂടുതല്‍ പണം നഷ്ടമായത് ബെംഗളൂരുവിലാണെന്നാണ് ഇന്ത്യന്‍ സൈബര്‍ ക്രാം കോര്‍ഡിനേഷന്‍ സെന്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മൊത്തം നഷ്ടത്തിന്റെ നാലിലൊന്നും ഉണ്ടായത് ബെംഗളൂരുവിലാണ്. ഏറ്റവും കൂടുതല്‍ ആളോഹരി നഷ്ടമുണ്ടായത് ഡല്‍ഹിക്കാണ്. ജോലിയുള്ളവരെ ലക്ഷ്യം വെച്ചാണ് നിക്ഷേപക തട്ടിപ്പ് നടത്തുന്നത്. ഇത്തരക്കാരുടെ പണം നേടണമെന്ന ആഗ്രഹത്തെയാണ് തട്ടിപ്പുകാര്‍ മുതലെടുക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

മുതിര്‍ന്ന പ്രായക്കാരെയും തട്ടിപ്പുകാര്‍ വെറുതെ വിടാറില്ല. തട്ടിപ്പിനിരയായവരില്‍ ഏകദേശം 2,829 പേരും 60ന് മുകളില്‍ പ്രായമുള്ളവരാണ്. തട്ടിപ്പ് നടത്താന്‍ നിരവധി ഡിജിറ്റല്‍ ചാനലുകള്‍ സൈബര്‍കുറ്റവാളികള്‍ ഉപയോഗിക്കുന്നുണ്ട്. 20 ശതമാനം കേസുകളിലും സൈബര്‍ കുറ്റവാളികള്‍ ഉപയോഗിച്ചത് ടെലഗ്രാമും വാട്‌സ്ആപ്പുമാണ്.

ഈ പ്ലാറ്റുഫോമുകളിലും എന്‍ക്രിപ്റ്റഡ് സവിശേഷതയും ഗ്രൂപ്പുകളുണ്ടാക്കാനുള്ള എളുപ്പവും തട്ടിപ്പുകാര്‍ക്ക് കൂടുതല്‍ എളുപ്പമാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ലിങ്ക്ഡ് ഇന്‍, എക്‌സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ തട്ടിപ്പിന് വേണ്ടി വളരെ കുറച്ച് മാത്രമേ ഉപയോഗിക്കുന്നുള്ളുവെന്നും റിപ്പോര്‍ട്ട് കണ്ടെത്തി. ഇവ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ 0.31 ശതമാനം മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!