ലക്ഷംവീട് പ്രദേശത്തെ കുടുംബങ്ങളുടെ ആകുലത അകലുന്നില്ല; പുനരധിവാസം വേഗത്തിലാക്കണമെന്നാവശ്യം

അടിമാലി: കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയില്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ അടിമാലി ലക്ഷംവീട് പ്രദേശത്തെ കുടുംബങ്ങളുടെ ആകുലത അകലുന്നില്ല. ശനിയാഴ്ച്ച രാത്രിയില്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടാകും മുമ്പെ അടിമാലി ലക്ഷം വീട് പ്രദേശത്തു നിന്നും കുടുംബങ്ങളെ മുന്‍കരുതലിന്റെ ഭാഗമായി അടിമാലി സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. ജീവിതം പ്രതിസന്ധിയിലാക്കുന്ന ദുരന്തം വരാന്‍ പോകുന്നുവെന്ന് കരുതിയായിരുന്നില്ല ആരും ക്യാമ്പിലേക്ക് മാറിയത്. പിന്നീട് സംഭവിച്ചത് പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു.
സ്വന്തമെന്ന് കരുതിയിരുന്നിടത്തു നിന്നും ദുരിതാശ്വാസ ക്യാമ്പിലേക്ക് പറിച്ച് മാറ്റപ്പെട്ടതിന്റെ നൊമ്പരം ആരുടെയും മുഖത്ത് നിന്ന് വിട്ടൊഴിഞ്ഞിട്ടില്ല. ദുരന്തശേഷം രണ്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മുമ്പോട്ടെങ്ങനെയെന്ന ചോദ്യത്തിന് ഈ കുടുംബങ്ങള്‍ക്ക് ഉത്തരമില്ല. അടിയന്തിര പുനരധിവാസമെന്ന ആവശ്യം ഒരേ സ്വരത്തില്‍ കുടുംബങ്ങള്‍ മുമ്പോട്ട് വയ്ക്കുന്നു. തങ്ങളുടെ സുരക്ഷിതത്വവും തുടര്‍ നടപടികളും ഉറപ്പുവരുത്താതെ ദേശിയപാതയിലെ മണ്ണ് നീക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കുടുംബങ്ങള്‍. താല്‍ക്കാലികമായി മച്ചിപ്ലാവിലെ ലൈഫ് പാര്‍പ്പിട സമുച്ചയത്തിലെ വീടുകളിലേക്ക് മാറ്റാമെന്ന തീരുമാനത്തോട് കുടുംബങ്ങള്‍ തിങ്കളാഴ്ച്ച തന്നെ വിയോജിപ്പ് അറിയിച്ച് കഴിഞ്ഞു.
താല്‍ക്കാലികമായി ഇവിടേക്ക് മാറിയാല്‍ പിന്നീടാരും തിരിഞ്ഞു നോക്കാതാകുമെന്ന ആശങ്കയാണ് പ്രധാനം. പുനരധിവാസ കാര്യത്തില്‍ കൃത്യമായ തീരുമാനമുണ്ടാകാതെ ക്യാമ്പില്‍ നിന്ന് മാറില്ലെന്നും തിങ്കളാഴ്ച്ച കുടുംബങ്ങള്‍ ജനപ്രതിനിധികളെ അറിയിച്ചിരുന്നു. ദേശിയപാതയിലെ അശാസ്ത്രീയ നിര്‍മ്മാണമാണ് കാര്യങ്ങള്‍ ഈ നിലയില്‍ എത്തിച്ചതെന്ന് കുടുംബങ്ങള്‍ ആവര്‍ത്തിച്ച് പറയുന്നു. ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ വീട്ടു സാധനങ്ങളും മറ്റും പലയിടങ്ങളിലേക്ക് മാറ്റിയാണ് സൂക്ഷിച്ചിട്ടുള്ളത്.
പ്രദേശത്തിനിയും മണ്ണിടിയുമോയെന്ന ആശങ്കയാണ് എല്ലാവര്ക്കും ഉള്ളത്. ക്യാമ്പില്‍ എത്ര ദിവസം ജീവിതം തള്ളിനീക്കേണ്ടി വരുമെന്ന കാര്യത്തിലും കുടുംബങ്ങള്‍ക്ക് പറയാന്‍ വ്യക്തമായ ഉത്തരമില്ല



