മുതുവാന്‍കുടിയിലെ നീന്തല്‍കുളത്തിന്റെ പുനരുദ്ധാരണജോലികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു

അടിമാലി: വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിന് കീഴില്‍ മുതുവാന്‍കുടിയില്‍ പണികഴിപ്പിച്ചിട്ടുള്ള നീന്തല്‍കുളത്തിന്റെ പുനരുദ്ധാരണജോലികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലും സമീപ പ്രദേശങ്ങളിലുമുള്ളവര്‍ക്ക് നീന്തല്‍പരിശീലനത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പഞ്ചായത്ത് മുതുവാന്‍കുടിയില്‍ നീന്തല്‍കുളം സ്ഥാപിച്ചത്. ആദ്യഘട്ടത്തില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിച്ച നീന്തല്‍കുളത്തിന്റെ പ്രവര്‍ത്തനം പിന്നീട് നിലച്ചിരുന്നു.
ഇത് ഏറെ ആക്ഷേപങ്ങള്‍ക്ക് ഇടവരുത്തി. ഇതിന് പിന്നാലെയാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി നീന്തല്‍കുളത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പുനരുദ്ധാരണ ജോലികള്‍ പൂര്‍ത്തീകരിച്ച നീന്തല്‍കുളത്തിന്റെ ഉദ്ഘാടനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ജോഷി നീന്തല്‍കുളത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ ജയന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹൈറേഞ്ച് മേഖലയില്‍ മുങ്ങി മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നീന്തല്‍ അറിഞ്ഞിരിക്കേണ്ടതിന്റെ പ്രധാന്യം ആളുകളിലേക്ക് എത്തിക്കാന്‍ കൂടി പദ്ധതിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനം നടത്തിയതിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നു.



