CrimeKeralaLatest News

ഓടുന്ന ട്രെയിനില്‍ നിന്ന് യുവതിയെ ചവിട്ടി വീഴ്ത്തിയ സംഭവം: 19കാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്ന് മാറ്റി

വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് മദ്യപന്‍ ചവിട്ടി താഴെയിട്ട പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഇന്നലെ രാത്രി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച 19 വയസുകാരി ശ്രീക്കുട്ടിയെ ഇപ്പോള്‍ സര്‍ജറി ഐസിയുവിലേക്ക് മാറ്റി. ആന്തരിക രക്തസ്രാവം ഉള്ളതിനാല്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് പെണ്‍കുട്ടിയുള്ളത്. ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടിയെറിഞ്ഞ പ്രതി പനിച്ചുമൂട് സ്വദേശി സുരേഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.നിലവില്‍ തമ്പാനൂര്‍ റെയില്‍വേ പോലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് ഇന്നലെ രാത്രി 11 മണിയോടെയാണ് രേഖപ്പെടുത്തിയത്.

പ്രകോപനമൊന്നും കൂടാതെയായിരുന്നു പെണ്‍കുട്ടിയ്ക്ക് നേരെ പ്രതി സുരേഷിന്റെ ക്രൂരത. ശുചിമുറിയില്‍ നിന്ന് പെണ്‍കുട്ടി ഇറങ്ങിയപ്പോള്‍ സുരേഷ് പുറകില്‍ നിന്ന് ചവിട്ടി ട്രെയിനിന് പുറത്തേക്ക് വീഴ്ത്തുകയായിരുന്നു. ഇരുവരും തമ്മില്‍ ഒരു സംസാരം പോലുമുണ്ടായിട്ടില്ലെന്ന് ദൃക്സാക്ഷിയും പെണ്‍കുട്ടിയുടെ സുഹൃത്തുമായ അര്‍ച്ചന പറഞ്ഞു.

തന്നെയും സുരേഷ് തള്ളിയിടാന്‍ നോക്കിയെന്നാണ് ദൃക്സാക്ഷിയായ അര്‍ച്ചന വെളിപ്പെടുത്തിയിരിക്കുന്നത്. ഇയാളുടെ അക്രമത്തില്‍ താന്‍ താഴേക്ക് വീഴാന്‍ പോയെങ്കിലും ഇത് കണ്ട് ഓടിയെത്തിയ മറ്റൊരു യാത്രക്കാരന്‍ രക്ഷിച്ചുവെന്ന് അര്‍ച്ചന പറഞ്ഞു. സുരേഷ് സ്ഥിരം മദ്യപാനിയാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ മദ്യപാനം കാരണം ഭാര്യ മക്കളുമൊത്ത് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. കമ്പിവേലി കെട്ടുന്നതാണ് ഇയാളുടെ ജോലി. തൊഴില്‍ അന്വേഷിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് ഇയാള്‍ പെണ്‍കുട്ടിയോട് കണ്ണില്ലാ ക്രൂരത കാണിച്ചത്. തിരുവനന്തപുരം പനച്ചമൂട് വോങ്കോട് സ്വദേശിയാണ് സുരേഷ്. താന്‍ മദ്യപിച്ചുവെന്ന് സുരേഷ് മാധ്യമങ്ങളോട് ഉള്‍പ്പെടെ സമ്മതിച്ചിട്ടുണ്ടെങ്കിലും താന്‍ ചവിട്ടിയിട്ടില്ലെന്നും യുവതികള്‍ ഭ്രാന്ത് പറയുന്നു എന്നുമാണ് ഇയാള്‍ മാധ്യമങ്ങളെ നോക്കി വിളിച്ചുപറഞ്ഞത്.

കേരള എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റിലാണ് നടുക്കുന്ന സംഭവം നടന്നത്. എറണാകുളം ആലുവയില്‍ നിന്ന് കയറിയ രണ്ട് യുവതികളില്‍ ഒരാളെ മദ്യലഹരിയില്‍ സുരേഷ് ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതി ഒച്ചവച്ചതോടെയാണ് മറ്റ് യാത്രക്കാര്‍ വിവരമറിഞ്ഞത്. പാളത്തിലേക്ക് തെറിച്ചുവീണ യുവതിയെ നാട്ടുകാരും ട്രെയിനിലെ യാത്രക്കാരും ചേര്‍ന്ന് വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് യുവതിയുടെ നില അതീവ ഗുരുതരമെന്ന് കണ്ടതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. യുവതിയോട് അതിക്രമം കാണിച്ച ശേഷം ട്രെയിനില്‍ നിന്ന് ഇറങ്ങിയ അക്രമിയെ നാട്ടുകാര്‍ തടഞ്ഞുവച്ച് റെയില്‍വേ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!