അടിമാലി മണ്ണിടിച്ചില്‍ ദുരന്തത്തിന് കാരണം അശാസ്ത്രീയമായ മണ്ണെടുപ്പാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

അടിമാലി: അടിമാലി ലക്ഷംവീട് ഭാഗത്തെ മണ്ണിടിച്ചില്‍ ദുരന്തത്തിന് കാരണം അശാസ്ത്രീയമായ മണ്ണെടുപ്പാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. മണ്ണിടിച്ചിലിനുള്ള കാരണം കണ്ടെത്തുന്നതിനായി ജില്ലാ കളക്ടര്‍ നിയോഗിച്ച വിദഗ്ധസമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ദേവികുളം തഹസീല്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും മൈനിങ് ആന്‍ഡ് ജിയോളജി, ദേശീയപാത വിഭാഗം, പൊതുമരാമത്ത് വകുപ്പ്, ഉള്‍പ്പെടെയുള്ള വിദഗ്ധ സമിതിയാണ് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
വിദഗ്ധ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിച്ചു. കഴിഞ്ഞ മാസം 25ന് രാത്രി 10 മണിയോടെയാണ് മണ്ണിടിച്ചില്‍ ദുരന്തമുണ്ടായത്. ലക്ഷംവീട് ഭാഗത്തെ 9 വീടുകള്‍ മണ്ണിടിച്ചില്‍ തകര്‍ന്നു. ദുരന്തത്തില്‍ പ്രദേശവാസിയായ ബിജു മരണപ്പെടുകയും ഭാര്യ സന്ധ്യക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സന്ധ്യയുടെ വലതുകാല്‍ മുറിച്ചുമാറ്റിയ ശേഷം ഇപ്പോഴും കളമശ്ശേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ 27ന് തന്നെ മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ കളക്ടര്‍ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. നാലുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കുശേഷമാണ് റിപ്പോര്‍ട്ട് കളക്ടര്‍ക്ക് ലഭിച്ചത്. പ്രദേശത്തിന്റെ ഭൂ പ്രകൃതിയുടെ പ്രത്യേകതയും മണ്ണിന്റെ ഘടനയും ഉള്‍ക്കൊള്ളാതെ മണ്ണിടിച്ചു മാറ്റിയത് ദുരന്തത്തിന് വഴിയൊരുക്കി എന്ന തരത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.



