അടിമാലി മണ്ണിടിച്ചില്‍: ലക്ഷംവീട് ഭാഗത്ത് ദേശിയപാത85ല്‍ വാഹനഗതാഗതം ഒറ്റവരിയായി പുനസ്ഥാപിച്ചു.

അടിമാലി : ദേശിയപാത85ല്‍ അടിമാലി ലക്ഷം വീട് ഭാഗത്ത് തടസ്സപ്പെട്ടിരുന്ന ഗതാഗതം പുനസ്ഥാപിച്ചു. ഇന്ന് രാവിലെ മുതല്‍ ഇതുവഴി വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. ഒറ്റവരിയായിട്ടാണ് ഇരുവശങ്ങളിലേക്കും വാഹനഗതാഗതം ക്രമീകരിച്ചിട്ടുള്ളത്. ശക്തമായ മഴ മുന്നറിയിപ്പുകള്‍ ഉണ്ടായാല്‍ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളോടെയാണ് വാഹനഗതാഗതം പുനരാരംഭിച്ചിട്ടുള്ളത്.
കഴിഞ്ഞ മാസം 25ന് രാത്രിയിലായിരുന്നു ലക്ഷം വീട് ഭാഗത്ത് ദേശിയപാതയോരത്ത് വലിയ തോതില്‍ മണ്ണിടിച്ചില്‍ സംഭവിച്ചത്. നവീകരണ ജോലികള്‍ നടക്കുന്ന ഭാഗത്ത് പാതയോരത്തു നിന്നും മലയിടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. ദുരന്തശേഷം പതിനാലാമത്തെ ദിവസമാണ് റോഡ് ഗതാഗതത്തിനായി തുറന്നു നല്‍കിയിട്ടുള്ളത്. ഇടിഞ്ഞെത്തിയ മണ്ണ് വലിയ തോതില്‍ റോഡില്‍ കൂടികിടക്കുന്ന സ്ഥിതിയുണ്ടായിരുന്നു.
ഈ മണ്ണ് നീക്കം ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡില്‍ വിള്ളല്‍ രൂപം കൊണ്ടിരുന്നു. ദുരന്തമുണ്ടായ ഭാഗത്ത് ഉറവച്ചാലും രൂപപ്പെട്ടിട്ടുണ്ട്. റോഡിലെ മണ്ണ് നീക്കിയെങ്കിലും സംരക്ഷണഭിത്തി നിര്‍മ്മാണമടക്കം സുരക്ഷഉറപ്പാക്കുന്ന മറ്റ് ജോലികള്‍ പൂര്‍ത്തീകരിക്കേണ്ടതായി ഉണ്ട്.



