അടിമാലി താലൂക്കാശുപത്രിയില്‍ കാത്ത് ലാബ് സ്ഥാപിക്കാന്‍ ഇടുക്കി പാക്കേജില്‍ നിന്നും 8.94 കോടി രൂപ അനുവദിച്ചു

അടിമാലി: അടിമാലി താലൂക്കാശുപത്രിയില്‍ കാത്ത് ലാബ് സ്ഥാപിക്കാന്‍ ഇടുക്കി പാക്കേജില്‍ നിന്നും 8.94 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി അഡ്വ. എ രാജ എം എല്‍ എ പറഞ്ഞു.ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി മണ്ഡലങ്ങളില്‍ നിന്നുള്ള ആളുകള്‍ പ്രധാനമായി ചികിത്സക്കാശ്രയിക്കുന്ന ആശുപത്രിയാണ് അടിമാലി താലൂക്കാശുപത്രി. ആശുപത്രിയുടെ പുതിയ ഒ പി ബ്ലോക്കിന്റെ കെട്ടിട ഉദ്ഘാടനം കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു.
ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വര്‍ധനവ് ലക്ഷ്യമിട്ടുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. ഇതിന് കരുത്താകുന്നതാണ് കാത്ത് ലാബുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള ഇപ്പോഴത്തെ സര്‍ക്കാര്‍ ഇടപെടല്‍. ആശുപത്രിയില്‍ കാത്ത് ലാബ് സ്ഥാപിക്കാന്‍ ഇടുക്കി പാക്കേജില്‍ നിന്നും 8.94 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി അഡ്വ. എ രാജ എം എല്‍ എ പറഞ്ഞു. കാത്ത് ലാബ് സ്ഥാപിക്കാന്‍ കെട്ടിട സൗകര്യം ഒരുങ്ങിയിട്ടുണ്ടെങ്കിലും കാത്ത് ലാബ് പ്രവര്‍ത്തനം ആരംഭിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല.
സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഇടപെടലിലൂടെ കാത്ത് ലാബ് പ്രവര്‍ത്തനക്ഷമമാക്കാന്‍ വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താനാകുമെന്നാണ് പ്രതീക്ഷ.ആശുപത്രിയില്‍ പൂര്‍ണ്ണതോതില്‍ കാത്ത് ലാബ് യാഥാര്‍ത്ഥ്യമായാല്‍ തോട്ടം, ആദിവാസി ഇടങ്ങളിലെ സാധാരണക്കാരായ ആളുകള്‍ക്കുള്‍പ്പെടെ അത് ഏറെ പ്രയോജനപ്രദമാകും.



