കൊതുകജന്യ രോഗം; സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മരിച്ചത് 513 പേര്; ഇതില്‍ 432 പേരും മരിച്ചത് ഡെങ്കിപ്പനി ബാധിച്ച്

കൊതുകജന്യ രോഗങ്ങളായ മലേറിയ,ഡെങ്കുപ്പനി,ജപ്പാന് ജ്വരം, ചിക്കുന്‍ ഗുനിയ എന്നിവ ബാധിച്ച് സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മരിച്ചത് 513 പേരെന്ന് ഞെട്ടിപ്പിക്കുന്ന കണക്ക്. 2020 ജനുവരി ഒന്ന് മുതല്‍ 2025 നവംബര്‍ 7 വരെയുള്ള കണക്കുകള്‍ ആണിത്. ഇതില്‍ 432 പേരും ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിക്കുന്നു. പുറമെ 58 മരണങ്ങള് ഡെങ്കിപനിമൂലമെന്ന് സംശയിക്കുകയും ചെയ്യുന്നു. മലേറിയ ബാധിച്ച് 16 പേരും , ജപ്പാന് ജ്വരം ബാധിച്ച് അഞ്ചുപേരും , ചിക്കുന്‍ഗുനിയ ബാധിച്ച് രണ്ടുപേരും ഇക്കാലയളവില്‍ മരിച്ചു.
എറണാകുളം ജില്ലയിലാണ് കൊതുകജന്യ രോഗങ്ങളാലുള്ള മരണങ്ങള് കൂടുതല്‍. അഞ്ചുവര്‍ഷത്തിനിടെ ഡെങ്കിപ്പനി ബാധിച്ച് 108 പേരും മലേറിയ ബാധിച്ച് രണ്ട് പേരും എറണാകുളത്ത് മരിച്ചു. കൊല്ലത്ത് 84, പാലക്കാട് 57, തൃശ്ശൂര്‍ 53, തിരുവനന്തപുരത്ത് 49 പേരും ഡെങ്കിപ്പനി ബാധിച്ച് ഇക്കാലയളവില്‍ മരിച്ചു. ഇടുക്കിയില്‍ 6ഉം കൊല്ലത്ത് 3ഉം മലേറിയ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2023ലാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപനിമരണങ്ങള് ഉണ്ടായത്. 2023ല്‍ സംസ്ഥാനത്ത് 165 പേര് ഡെങ്കിപ്പനി ബാധിച്ചു മരിച്ചു. 2024 ല്‍ 141 ഡെങ്കിപനി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കൊല്ലം ഇതുവരെ 44 പേര് ഡെങ്കിപ്പനി ബാധിച്ച് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. 18 മരണം ഡെങ്കി മൂലമെന്ന് സംശയിക്കുകയും ചെയ്യുന്നു. മലേറിയ ബാധിച്ച് ഇക്കൊല്ലം റിപ്പോര്‍ട്ട് ചെയ്തത് രണ്ടു മരണം. കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിന് സംസ്ഥാനം നിലവില്‍ തുടര്‍ന്ന് പോരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് ഈ കണക്കുകള്‍ തെളിയിക്കുന്നു.



