ശബരിമല തീർഥാടനം; തമിഴ്‌നാട്ടിൽ നിന്ന് വരുന്ന ഭക്തർക്ക് വിപുലമായ സൗകര്യങ്ങള്‍:കുമളിയിൽ യോഗം ചേര്‍ന്നു…

ഇടുക്കി: ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ചു തമിഴ്‌നാട്ടിൽ നിന്നെത്തുന്ന തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് തേനിയിൽ അന്തർസംസ്ഥാന യോഗം ചേർന്നു. ഇടുക്കി ജില്ലാ കലക്‌ടർ ദിനേശൻ ചെറുവാറ്റ്, തേനി കലക്‌ടർ രഞ്ജിത്ത് സിങ് എന്നിവരുടെ നേതൃത്വത്തിലാണ് കുമളിയിൽ യോഗം ചേർന്നത്.
തേക്കടി ബാബു ഗ്രൂ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജില്ലയിലെ വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
വിവിധ വകുപ്പുകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. മോട്ടോർ വാഹന വകുപ്പിൻ്റെയും എക്‌സൈസ് വകുപ്പിൻ്റെയും സ്ക്വാഡുകളുടെ പരിശോധന കര്‍ശനമാക്കാനും, ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ മൂന്ന് സ്ഥലങ്ങളിൽ ആംബുലൻസ് ഉൾപ്പെടെ അത്യാഹിത വിഭാഗവും, വണ്ടിപെരിയൽ, കുമളി എന്നിവിടങ്ങളിൽ ഒ പി വിഭാഗത്തിൻ്റെ സേവനം ഒരുക്കുവാനും യോഗത്തിൽ തീരുമാനമായി.
കഴിഞ്ഞ വർഷത്തെ പോലെ ഇക്കൊല്ലവും തമിഴ്‌നാട്-കേരള സർക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ശബരിമല തീർഥാടനത്തിനെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയ്‌ക്കായുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ഇടുക്കി ജില്ലാ കലക്‌ടർ ദിനേശൻ ചെറുവാട്ട് പറഞ്ഞു. ഇതിനായി ഇരു സംസ്ഥാനങ്ങളിലും കൺട്രോൾ റൂമുകൾ തുറക്കും. അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഡ്രൈവർമാർക്ക് വേണ്ട ബോധവൽക്കരണം നൽകും. ഈ വർഷം തിരക്കുകൂടുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ മാത്രം ബൈറൂട്ട് സംവിധാനം ഏർപ്പെടുത്തുമെന്നും കലക്‌ടർ കൂട്ടിച്ചേർത്തു.
കമ്പം മുതൽ കുമളി വരെയുള്ള റൂട്ടിൽ പ്രത്യേകം പെട്രോളിങ് ടീമിനെ നിയോഗിക്കും. പ്രധാന പോയിൻ്റുകളിൽ മെഡിക്കൽ ടീമിനെയും ആംബുലൻസുകളും സജ്ജീകരിക്കും. ഡ്രൈവർമാർക്ക് വേണ്ട നിർദേശങ്ങൾ നൽകുമെന്നും തേനി ജില്ലാ കലക്‌ടർ രഞ്ജിത്ത് സിങ് അറിയിച്ചു. ഇടുക്കി ജില്ല പൊലീസ് മേധാവി സാബു മാത്യു , തേനി എഡിഎസ്‌പി പി കലൈകതിരവൻ, ഇടുക്കി സബ് കലക്‌ടർ അനൂപ് ഗാർഗ്, പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്‌ടർ പിയു സാജു, അസി ഫീൽഡ് ഡയറക്‌ടർ ആർ ലക്ഷ്‌മി, വിവിധ വകുപ്പ് തല മേധാവികൾ, ഉദ്യോഗസ്ഥർ തദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.



