KeralaLatest News

തിരഞ്ഞെടുപ്പില്‍ ഹരിത ചട്ടം പാലിക്കാതിരുന്നാല്‍ മാതൃകാ പെരുമാറ്റച്ചട്ടലംഘനം

തിരഞ്ഞെടുപ്പും അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചായിരിക്കണമെന്നും നിരോധിത ഡിസ്‌പോസബിള്‍ വസ്തുക്കളൊന്നും തിരഞ്ഞടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്നില്ലെന്നു ഉറപ്പ് വരുത്തുന്നതിനായി ജില്ലാ തല എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകളുടെയും തദ്ദേശ സ്ഥാപന തല സ്‌ക്വാഡുകളുടെയും പരിശോധനകള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 9446700800 എന്ന വാട്‌സാപ്പ് നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യാം.

ഹരിത തിരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍…

പ്രചാരണത്തിന് നിരോധിത പ്ലാസ്റ്റിക്ക് പി വി സി ഫ്‌ളക്‌സ് ബാനറുകള്‍ ബോര്‍ഡുകള്‍ ഹോര്‍ഡിങ്ങുകള്‍ എന്നിവയ്ക്ക് പകരം പേപ്പര്‍, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ കോട്ടണ്‍, പുനഃ ചംക്രമണം സാധ്യമായ പോളി എത്തിലീന്‍ തുടങ്ങിയവ ഉപയോഗിക്കണം. പോളി എത്തിലീന്‍ ഷീറ്റുകളില്‍ പി.സി.ബി അംഗീകൃത ക്യൂ.ആര്‍.കോഡ്. പി.വി.സി ഫ്രീ റിസൈക്ലബള്‍ ലോഗോ പ്രിന്ററുടെ വിശദാംശംങ്ങള്‍ എന്നിവ നിര്‍ബന്ധമായും ഉണ്ടാകണം

പാര്‍ട്ടി ഓഫീസുകള്‍ അലങ്കരിക്കുന്നതിനും പൊതു സമ്മേളനങ്ങള്‍ക്കും, കണ്‍വെഷനുകള്‍ക്കും, റാലികള്‍ക്കും മറ്റുമെല്ലാം പ്രകൃതി സൗഹൃദ തോരണങ്ങള്‍ അലങ്കാര വസ്തുക്കള്‍ കൊടികള്‍ മുതലായവ ഉപയോഗിക്കണം . പൊതുയോഗങ്ങളിലും , പരിശീലന പരിപാടികളിലും , പോളിങ് ബൂത്തുകളിലും, വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും എല്ലാം ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുന്നതിന് സ്റ്റീല്‍ സെറാമിക് പാത്രങ്ങളോ പ്രകൃതിദത്ത വാഴയിലയോ ഉപയോഗിക്കണം, പ്ലാസ്റ്റിക്ക് കുപ്പികള്‍ തെര്‍മോകോള്‍/ പേപ്പര്‍, പ്ലാസ്റ്റിക് കപ്പുകള്‍ പാത്രങ്ങള്‍ തുടങ്ങി നിരോധിത ഡിസ്‌പോസബിള്‍ വസ്തുക്കളുടെ ഉപയോഗം നിര്‍ബ്ബന്ധമായും ഒഴിവാക്കണം.
ഇലക്ഷന്‍ ആവശ്യത്തിന് പരാമര്‍ശ പ്രകാരമുള്ള മെറ്റീരിയലുകള്‍ മാത്രമേ സ്റ്റോക്ക് ചെയ്യുന്നുള്ളുവെന്ന് ഡീലര്‍മാരും ആയതില്‍ മാത്രമേ പ്രിന്റ് ചെയ്യുന്നുള്ളുവെന്ന് പ്രിന്റര്‍മാരും ഉറപ്പ് വരുത്തേണ്ടതാണ്.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിനുശഷം അതാത് രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ പ്രചരണ ബോര്‍ഡുകള്‍ ബാനറുകള്‍ കൊടിതോരണങ്ങള്‍ മുതലായവ ശേഖരിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ നല്‍കി ശാസ്ത്രീയ സംസ്‌കരണത്തിന് കൈമാറണം. ആയതിനുള്ള രസീത് ഹരിതകര്‍മ്മ സേനയോ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ സ്ഥാനാര്‍ത്ഥികള്‍/ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭ്യമാക്കേണ്ടതാണ്. ഇപ്രകാരം ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറാത്ത പക്ഷം തദ്ദേശ സ്ഥാപനങ്ങള്‍ അവ നീക്കം ചെയ്യുന്നതും ആയതിന്റെ ചിലവ് സ്ഥാനാര്‍ഥികളില്‍ നിന്നും ഈടാക്കുന്നതുമാണ്.

ഹരിത തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ശുചിത്വ മിഷന്‍ തയ്യാറാക്കിയ ഹരിത ചട്ടപാലനം സംശയങ്ങളും മറുപടികളും എന്ന കൈപ്പുസ്തകം ശുചിത്വ മിഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ് . #electinon2025 #localbodyelections2025

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!