
മൂന്നാര്‍: ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ മുതല്‍ സംസ്ഥാനത്താകെ മൂടിക്കെട്ടിയ അന്തരീക്ഷമാണ് ഉള്ളത്. പതിവിന് വിപരീതമായി ഒട്ടുമിക്കയിടങ്ങളിലും തണുപ്പനുഭവപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസമായി മൂന്നാറില്‍ അന്തരീക്ഷ താപനില പതിയെ താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. ഇത്തവണ ഡിസംബര്‍ എത്തും മുമ്പെ മൂന്നാറില്‍ ശൈത്യമാരംഭിച്ചുവെന്ന് പറയാം.
9 ഡിഗ്രി സെല്‍ഷ്യസായിരുന്നു മൂന്നാറില്‍ ഇന്നലെ രാത്രിയിലെ അന്തരീക്ഷ താപനില. പോയ വര്‍ഷങ്ങളില്‍ ഡിസംബര്‍ പാതിയോടെയായിരുന്നു അന്തരീക്ഷ താപനില ഇത്രത്തോളം താഴ്ന്നത്. ഡിസംബര്‍ അവസാന വാരത്തോടെയും ജനുവരി ആദ്യവാരത്തോടെയുമാണ് സാധാരണനിലയില്‍ മൂന്നാറില്‍ ഏറ്റവും അധികം തണുപ്പനുഭവപ്പെടുന്ന കാലയളവ്.
ഡിസംബര്‍ എത്തിയതോടെ വരും ദിവസങ്ങളില്‍ മൂന്നാറില്‍ അന്തരീക്ഷ താപ നില ഇനിയും താഴ്ന്നേക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ മൂന്നാറിലേക്കിത്തവണ വിനോദ സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിക്കും. തണുപ്പിനൊപ്പം മൂന്നാറിനെ കോടമഞ്ഞ് പുതയുന്ന കാഴ്ച്ചയും സഞ്ചാരികളുടെ മനം കവരുന്നതാണ്. അതേ സമയം ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെയുള്ള മൂടിക്കെട്ടിയ അന്തരീക്ഷവും തണുത്തകാലാവസ്ഥയും ഇന്നുംകൂടി തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.



