കാലാവസ്ഥ വ്യതിയാനത്താല്‍ ദുരിതത്തിലായിരിക്കുകയാണ് ഹൈറേഞ്ചിലെ ജാതി കര്‍ഷകര്‍
അടിമാലി: ഹൈറേഞ്ചിലെ വലിയൊരു വിഭാഗം ആളുകളുടെ പ്രധാന വരുമാന മാര്‍ഗ്ഗമാണ് ജാതി കൃഷി. എന്നാല്‍ കാലാവസ്ഥ വ്യതിയാനം ജാതി കര്‍ഷകര്‍ക്ക് വെല്ലുവിളിയാവുകയാണ്. ജാതിപത്രിക്ക് 2000ത്തിന് മുകളില്‍ വിപണിയില്‍ വില ലഭിക്കുന്നുണ്ട്. എന്നാല്‍ മെച്ചപ്പെട്ട വില ലഭിക്കുമ്പോഴും കര്‍ഷകര്‍ക്ക് വിപണിയില്‍ എത്തിക്കാന്‍ വേണ്ടവിധം ഉത്പന്നമില്ലാത്ത അവസ്ഥ പ്രതിസന്ധിയാവുകയാണ്.
മുന്‍കാലങ്ങളെ അപേക്ഷിച്ച് ജാതിക്കായുടെ ഉത്പാദനത്തില്‍ വലിയ തോതില്‍ കുറവ് സംഭവിച്ചിട്ടുണ്ട് .കഴിഞ്ഞ സീസണിലും സ്ഥിതി സമാനമായിരുന്നു. കാലം തെറ്റി ലഭിക്കുന്ന മഴയാണ് പ്രധാനവില്ലനെന്ന് ജാതി കര്‍ഷകര്‍ പറയുന്നു. മഴ വേണ്ടപ്പോള്‍ ലഭിക്കാതിരിക്കുകയും കാലം തെറ്റി പെയ്യുകയും ചെയ്യുന്നതോടെ ജാതി മരങ്ങളില്‍ പൂ കൊഴിച്ചില്‍ ഉണ്ടാവുന്നതായും ഇത് ഉത്പാദനത്തിന് തിരിച്ചടിയാകുന്നുവെന്നും കര്‍ഷകര്‍ പറയുന്നു.
വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ജാതി മരങ്ങളില്‍ വേണ്ടവിധം കായ പിടുത്തം ഇല്ലാതെ വരുന്നത് കര്‍ഷകര്‍ക്ക് വലിയ നിരാശ സമ്മാനിക്കുന്നുണ്ട്.കഴിഞ്ഞ കുറേനാളുകളായി ഹൈറേഞ്ചിലെ കൊക്കോ കര്‍ഷകരും സമാന പ്രതിസന്ധിയാണ് നേരിടുന്നത്.ഉത്പാദനമില്ലാതായതോടെ കൊക്കോ കര്‍ഷകര്‍ മറ്റ് കൃഷികളിലേക്ക് തിരിഞ്ഞിട്ടുള്ള സ്ഥിതിയുമുണ്ട്.ഉത്പാദനക്കുറവ് തുടര്‍ന്നാല്‍ ജാതി കര്‍ഷകരും കൊക്കോ കര്‍ഷകരുടെ വഴിയെ മറ്റ് കൃഷികളിലേക്ക് വഴിമാറും.



