അടിമാലി: തിരഞ്ഞെടുപ്പ് ജോലികൾ കാര്യക്ഷമതയോടെയും, സമയബന്ധിതമായും നടക്കുന്നതിന് വാഹനങ്ങൾ അത്യന്താപേക്ഷിതമാണ്. വോട്ടിംഗ് മെഷീനുകൾ കൊണ്ട് വരുന്നത്, പോളിംഗ് ഉദ്യോഗസ്ഥരെയും മറ്റ് ഉത്തരവാദിത്വപ്പെട്ടവരേയും അതാത് കേന്ദ്രങ്ങളിൽ കൃത്യസമയത്ത് എത്തിക്കുന്നത് തുടങ്ങിയവയെല്ലാം സാധ്യമാകുന്നത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവിലൂടെ ഏറ്റെടുക്കുന്ന വാഹനങ്ങൾ ഉപയോഗിച്ചാണ് . വാഹനങ്ങൾ ഏറ്റെടുത്ത് നൽകേണ്ട ചുമതല മോട്ടോർ വാഹന വകുപ്പിനും.
ഒന്നാം ഘട്ട ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൻ്റെ വിവിധ ആവശ്യങ്ങൾക്കായി ദേവികുളം സബ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫിസ് കണ്ടെത്തേണ്ടിയിരുന്നത് ജീപ്പുകൾ , ബസുകൾ ഉൾപ്പെടെ മൂന്നൂറ്റിഇരുപത്തഞ്ചിലേറെ വാഹനങ്ങൾ . ഇതിൽ 260 ൽ അധികവും ജീപ്പുകൾ . താലൂക്കിൻ്റെ ഭൂപ്രകൃതി അനുസരിച്ച് 100 ന് മേൽ ഫോർ വീൽ ജീപ്പുകൾ നിർബന്ധം. കൂടാതെ 50 ന് അടുത്ത് ബസുകൾ, വോട്ടിംഗ് മെഷീനുകൾ ജില്ലാ കേന്ദ്രത്തിൽ നിന്നും ബ്ലോക്ക് കേന്ദ്രങ്ങളിലേക്ക് കൊണ്ടു പോകുന്നതിനുള്ള കവചിത വാഹനങ്ങൾ , സാങ്കേതിക തകരാർ വന്നാൽ മാറ്റി നൽകുന്നതിന് ആവശ്യമായ റിസർവ്വ് വാഹനങ്ങൾ എന്നിങ്ങനെ
പട്ടിക നീളുന്നു.
സാധാരണ വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത എടമലക്കുടിയിലേക്ക് മാത്രം വേണ്ടിയിരുന്നത് 28 ഫോർവീൽ ജീപ്പുകൾ . രണ്ടാഴ്ച മുൻപേ തുടങ്ങിയ ചിട്ടയായ പ്രവർത്തനങ്ങൾ. കാന്തല്ലൂർ,മറയൂർ, വട്ടവട ,മാങ്കുളം എന്നിവിടങ്ങളിൽ നേരിട്ട് എത്തി വാഹന ഉടമകൾക്ക് നോട്ടീസ് കൈമാറി. ഓഫിസിൽ പ്രത്യേക കൺട്രോൾ റൂം തുറന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. നോട്ടീസ് കൊടുത്തവരെയെല്ലാം ഫോണിൽ വിളിച്ച് ഓർമ്മപ്പെടുത്തി. ഏഴാം തീയതി ഞായറാഴ്ച ഉച്ചയോടെ അടിമാലി ഗവ:ഹൈസ്കൂൾ, മൂന്നാർ ഗവ:ഹൈസ്കൂൾ എന്നിവിടങ്ങൾ വാഹനങ്ങൾ കൃത്യമായി ഹാജരായി എന്ന് നേരിട്ട് ചെന്ന് ഉറപ്പ് വരുത്തി.
വാഹനങ്ങൾ ഇലക്ഷൻ്റെ വാഹന വിഭാഗം കൈകാര്യം ചെയ്യുന്നവർക്ക് കൈമാറിയതോടെ ആദ്യ കടമ്പ കടന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് വാഹനങ്ങൾ സുരക്ഷിതമായി തിരിച്ചെത്തുന്നത് വരെ അതീവ ജാഗ്രതയോടെ കാത്തിരിപ്പ്. എല്ലാം ഭംഗിയായി കലാശിച്ചതതോടെ ആശ്വാസത്തിലാണ് ടീം എംവിഡി



