
മൂന്നാര്‍:മൂന്നാറിലേക്കെത്തുന്ന സഞ്ചാരികള്‍ സമയം ചിലവഴിക്കാന്‍ എത്തുന്ന ഇടങ്ങളില്‍ ഒന്നാണ് പോതമേട് വ്യൂ പോയിന്റ്. മൂന്നാറിന്റെ കുളിരിലലിഞ്ഞ തേയിലത്തോട്ടങ്ങളുടെയും ചുറ്റുമുള്ള മലനിരകളുടെയുമൊക്കെ കാഴ്ച്ചകള്‍ക്ക് ഭംഗിയേറെയുണ്ടെന്ന് തോന്നിപ്പിക്കുന്ന വ്യൂപോയിന്റാണ് പോതമേട് വ്യൂ പോയിന്റ്. ആറ്റുകാടിന്റെയും പള്ളിവാസലിന്റെയുമൊക്കെ പരന്നകാഴ്ച്ചകള്‍ക്കപ്പുറം കണ്ണെത്താ ദൂരത്തോളം ഹൈറേഞ്ചിന്റെ ദൂരകാഴ്ച്ചകള്‍ക്ക് ഇടമൊരുക്കുന്നിടം കൂടിയാണ് പോതമേട് വ്യൂപോയിന്റ്.
ഇടക്കിടെ കാഴ്ച്ച മറച്ച് കോടമഞ്ഞ് വന്ന് മൂടും. ഇവിടെ നിന്നുള്ള ഉദയാസ്തമയ കാഴ്ച്ചകളും മനോഹരമാണ്. സ്വദേശിയരും വിദേശിയരും ആയ വിനോദ സഞ്ചാരികള്‍ പോതമേട് വ്യൂപോയിന്റില്‍ എത്തി ദൂരേക്കുള്ള കാഴ്ച്ചകള്‍ കണ്ടങ്ങനെ ഇവിടെ ഇരിക്കാറുണ്ട്. മൂന്നാറിന്റെ കുളിരിനും ഒരു ചൂട് ചായക്കുമൊപ്പം പോതമേടിന്റെ കാഴ്ച്ചവട്ടം കൂടിയാകുമ്പോള്‍ മനസിന് സംതൃപ്തി ആവോളമെന്ന് സഞ്ചാരികള്‍ പറയുന്നു.
പഴയ മൂന്നാറിന് സമീപമുള്ള ഹെഡ് വര്‍ക്ക്‌സ് അണക്കെട്ടിന് മുകളിലൂടെയാണ് പോതമേട് വ്യൂപോയിന്റിലേക്കുള്ള യാത്ര. മൂന്നാര്‍ ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശം. ട്രക്കിംഗ് ജീപ്പുകളിലും സ്വന്തം വാഹനങ്ങളിലുമൊക്കെ സഞ്ചാരികള്‍ പോതമേട് വ്യൂപോയിന്റിലേക്കെത്താറുണ്ട്. കുളിരിലലിഞ്ഞ് കോടമഞ്ഞ് മൂടി കാഴ്ച്ച കണ്ടങ്ങനെ ഇരിക്കാന്‍ രാവിലെയും വൈകുന്നേരവുമാണ് പോതമേട് വ്യൂപോയിന്റിലേക്ക് സഞ്ചാരികള്‍ കൂടുതലായി എത്തുന്നത്.



