‘തുടർ ഭരണത്തിന്റെ അഹങ്കാരം ജനങ്ങൾക്ക് ബോധിച്ചില്ല, കേരളം കണ്ടത് ഏകാധിപത്യ ഭരണാധികാരിയുടെ വീഴ്ച’; രമേശ് ചെന്നിത്തല

തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. കേരളം കണ്ടത് ഏകാധിപത്യ ഭരണാധികാരിയുടെ വീഴ്ചയാണെന്നും ദുർഭരണത്തിന് എതിരായ താക്കീതാണെന്നും അദ്ദേഹം പറഞ്ഞു. വർധിച്ചുവരുന്ന തൊഴിലില്ലായ്മയും നിയന്ത്രിക്കാൻ കഴിയാത്ത വിലക്കയറ്റവും തുടർഭരണത്തിൻറെ അഹങ്കാരവും ജനങ്ങൾക്ക് ഒട്ടും ബോധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വിജയത്തിന്റെ പ്രധാനപ്പെട്ട കാരണം ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ച തെറ്റായ സമീപനം തന്നെയാണ്. ഈ വിജയം ആവർത്തിക്കാൻ വേണ്ടിയുള്ള കൂട്ടായ പ്രവർത്തനം യുഡിഎഫും കോൺഗ്രസ് പാർട്ടിയും നടത്തുന്നതാണ്. ഞങ്ങൾ ഈ ജനവിധിയെ പൂർണ്ണമായും അംഗീകരിക്കുന്നു. ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെതിരെയുള്ള അതിശക്തമായ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി പ്രവർത്തകരും നേതാക്കളും ഒരുമിച്ച് ഒരു മനസോടെ പ്രവർത്തിച്ചതിൻറെ ഫലമാണ് യുഡിഎഫിന് ഉണ്ടായിരിക്കുന്ന വിജയം. എല്ലാ യുഡിഎഫ് പ്രവർത്തകരെയും അഭിനന്ദിക്കുന്നു. 2010 നേക്കാൾ വലിയൊരു വിജയം ഉണ്ടായിരിക്കുന്നുവെന്നത് ആത്മവിശ്വാസം വർധിപ്പിക്കുന്നു. കൂടുതൽ വിനയത്തോടെ കൂടുതൽ ജനനന്മയ്ക്ക് വേണ്ടി പ്രവർത്തിക്കാനുള്ള ഒരു സന്ദേശമാണ് ഈ വിജയം. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി യോജിച്ച് ഒരു മനസോടെ യുഡിഎഫ് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



