KeralaLatest NewsLocal news

ഇനി മുതൽ വേദിയിലുണ്ടാവില്ല; രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു’, ഇ എം അഗസ്തി

ഇടുക്കി ജില്ലയിലെ തകർപ്പൻ വിജയത്തിനിടയിലും മുൻ എംഎൽഎ ഇ എം അഗസ്തിയുടെ പരാജയം യുഡിഎഫിന് നാണക്കേടായി. കട്ടപ്പന നഗരസഭയിലെ 22 ആം വാർഡിൽ നിന്നും 59 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ജനവിധിക്ക് പിന്നാലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി ഇ എം അഗസ്തി ഫെയ്സ്ബുക്കിൽ കുറിച്ചു.

കോൺഗ്രസ് പാർട്ടിയിൽ ഇടുക്കിയിലെ മുതിർന്ന നേതാക്കളിൽ പ്രധാനിയാണ് ഇ എം ആഗസ്തി. 1978 ൽ കട്ടപ്പന പഞ്ചായത്തംഗം.  91 ലും 96 ലും ഉുടമ്പൻചോല എംഎൽഎ. 2001 ൽ പീരുമേട് എംഎൽഎ. നിലവിൽ എഐസിസി അംഗം. ഇത്രയും പാരമ്പര്യവുമായിട്ടാണ് കട്ടപ്പന നഗരസഭയിൽ ചെയർമാൻ സ്ഥാനാർഥിയായി ഇ എം അഗസ്തി അംഗത്തിന് ഇറങ്ങിയത്. അയൽവാസികളും സുഹൃത്തുക്കളുമായ വോട്ടർമാരെല്ലാം സഹായിക്കും എന്ന് പ്രതീക്ഷയിലായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ 59 വോട്ടിന് എൽഡിഎഫിലെ സി ആർ മുരളിയോട് പരാജയപ്പെട്ടു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എംഎം മണിയോട് 38,000ത്തിൽ പരം വോട്ടുകൾക്ക് പരാജയപ്പെട്ടതോടെ വേളാങ്കണ്ണിയിൽ പോയി അഗസ്തി തല മൊട്ടയടിച്ചിരുന്നു. ഒടുവിൽ കട്ടപ്പന മുനിസിപ്പാലിറ്റിയിലെ തോൽവിയോടെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നു എന്നാണ് അഗസ്തിയുടെ തീരുമാനം.

ഇ എം അഗസ്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കട്ടപ്പന മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെട്ടിരിക്കുന്നു. ജനവിധി മാനിക്കുന്നു. വിജയിച്ചവർക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. അരനൂറ്റാണ്ടിലേറെ നീണ്ടു നിന്ന എൻ്റെ രാഷ്ട്രീയ ജീവിതം അവസാനിക്കാൻ സമയമായി എന്ന വസ്തുത മനസ്സിലാക്കുന്നു. സുദീർഘമായ ഈ കാലയളവിൽ കൂടെ നിന്ന് പ്രവർത്തിച്ചവർക്ക് നന്ദി രേഖപ്പെടുത്തുന്നു.

ഈ കാലഘട്ടത്തിൽ അറിഞ്ഞോ അറിയാതെയോ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു.ജീവിതകാലം മുഴുവൻ കോൺഗ്രസ് പാർട്ടിക്കു വേണ്ടി പ്രവർത്തിക്കും. ഇനി മുതൽ വേദിയിലുണ്ടാവില്ല. സദസ്സിലുണ്ടാവും. പ്രസംഗിക്കുവാനുണ്ടാകില്ല. ശ്രോതാവായിരിക്കും. അരനൂറ്റാണ്ട് കാലം വ്യത്യസ്തമായ മേഖലകളിൽ പ്രവർത്തിക്കുവാനും ധാരാളം ബഹുമാന്യ വ്യക്തികളുമായി അടുത്ത് പ്രവർത്തിക്കുവാനും ഏൽപിച്ച ഉത്തരവാദിത്വങ്ങൾ സത്യസന്ധമായി നിർവഹിക്കുവാനും കഴിഞ്ഞതിൻ്റെ ചാരിതാർത്ഥ്യത്തോടു കൂടി മന:പൂർവമല്ലാത്ത വീഴ്ചകളിൽ മാപ്പ് ചോദിക്കുവാനും ആഗ്രഹിക്കുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!