KeralaLatest News

വി സി നിയമനത്തില്‍ ഗവര്‍ണറുമായുള്ള ഒത്തുതീര്‍പ്പ്: സിപിഐഎമ്മില്‍ അതൃപ്തി പുകയുന്നു; രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്ന് നേതാക്കള്‍

വി സി നിയമനത്തില്‍ ഗവര്‍ണറുമായി മുഖ്യമന്ത്രി ഒത്തുതീര്‍പ്പില്‍ എത്തിയതില്‍ സിപിഐഎമ്മില്‍ എതിര്‍പ്പ് രൂക്ഷം. വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ പുറത്താക്കുക കൂടി ചെയ്തതോടെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകയുകയാണ്. ഗവര്‍ണറുമായുള്ള ഒത്തുതീര്‍പ്പ് അറിയിച്ചതിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. ഒത്തുതീര്‍പ്പ് രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കും എന്നായിരുന്നു നേതാക്കളുടെ മുന്നറിയിപ്പ്.

പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട സംഭവം ഉദാഹരണമായി ചൂണ്ടിക്കാട്ടി ആയിരുന്നു നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെ നിലപാടെടുത്തത്. വിസി നിയമനത്തിന് പിന്നാലെ രജിസ്ട്രാറെ പുറത്താക്കുക കൂടി ചെയ്തതോടെ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങി എന്നാണ് നേതാക്കളുടെ അടക്കം പറച്ചില്‍. സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്ത സിപിഐഎമ്മിന്റെ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ ഒത്തുതീര്‍പ്പ് സംബന്ധിച്ച് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

സിസ തോമസിനെ കേരള സാങ്കേതിക സര്‍വ്വകലാശാലയില്‍ വി സിയായി നിയമിച്ചതിന് പിന്നാലെയാണ് കേരള സര്‍വകലാശാലയിലും സര്‍ക്കാര്‍ കീഴടങ്ങിയത്. ശാസ്താംകോട്ട ഡി ബി കോളജിലെ പ്രിന്‍സിപ്പല്‍ ആയിരുന്ന അനില്‍കുമാറിനെ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലായിരുന്നു രജിസ്ട്രാറായി പുനര്‍നിയമിച്ചത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് ഭാരതാംബ വിവാദത്തിന്റെ പേരില്‍ അനില്‍കുമാറിനെ രജിസ്ട്രാര്‍ സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്തത്. പിന്നാലെ വലിയ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും നടന്നു. സര്‍ക്കാരും ഇടതു സംഘടനകളും അനില്‍കുമാറിനൊപ്പം നിന്നപ്പോള്‍ ചാന്‍സിലര്‍ വി സി മോഹനന്‍ കുന്നുമ്മലിനെ പിന്തുണച്ചു. ഒടുവില്‍ നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലും തീരുമാനം ആകാതെ വന്നപ്പോള്‍ അനില്‍കുമാറിന്റെ സസ്‌പെന്‍ഷനില്‍ തുടരുകയാണ്. വിഷയത്തില്‍ പ്രതികരിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയോ, കെ എസ് അനില്‍കുമാറോ, സിന്‍ഡിക്കേറ്റ് അംഗങ്ങളോ തയ്യാറായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!