കേരള-തമിഴ്നാട് അതിർത്തിയിൽ തമിഴ്നാടിന്റെ പുതിയ ബസ്സ്റ്റാൻഡ് നിർമാണം പൂർത്തിയായി

കുമളി: തമിഴ്നാട്-കേരള അതിർത്തിയായ കുമളിയിലെ തമിഴ്നാട് ഭാഗത്ത് അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച പുതിയ ബസ്സ്റ്റാൻഡ് ഗ്രാമവികസനവകുപ്പ് മന്ത്രി ഐ. പെരിയസാമി ഉദ്ഘാടനം ചെയ്തു. തമിഴ്നാട് ഗതാഗത-വൈദ്യുതി വകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരളഭാഗത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ ബസ്സ്റ്റാൻഡ് ഉണ്ടെങ്കിലും, തമിഴ്നാട് ഭാഗത്ത് ബസുകൾ റോഡരികിലായിരുന്നു നിർത്തിയിട്ടിരുന്നത്. ഇത് ശബരിമല സീസണിൽ തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള തീർഥാടകർക്കും പ്രദേശവാസികൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. റോഡിൽ തന്നെ ബസുകൾ തിരിക്കുന്നതിനാൽ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു. ഇതിന് പരിഹാരമായി പുതിയ ബസ്സ്റ്റാൻഡ് വേണമെന്നത് ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു.
2023-ൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 7.50 കോടി രൂപ പദ്ധതിക്കായി അനുവദിച്ചു. ഇതിൽ 5.5 കോടി രൂപ ചെലവഴിച്ചാണ് ഗതാഗതവകുപ്പിന് കീഴിൽ വർക്ക്ഷോപ്പ് ഉൾപ്പെടെയുള്ള ബസ്സ്റ്റാൻഡ് നിർമിച്ചത്. 18 വാണിജ്യ സമുച്ചയങ്ങൾ, വിശ്രമമുറി, ശൗചാലയം അടക്കം നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്.
ദ്രാവിഡ മോഡൽ സർക്കാർ ജനങ്ങൾക്കായി നടപ്പാക്കുന്ന വികസന പദ്ധതികളെക്കുറിച്ച് മന്ത്രി ഐ. പെരിയസാമി വിശദീകരിച്ചു. ഗതാഗത വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് മന്ത്രി ശിവശങ്കറും സംസാരിച്ചു. ഗതാഗതവകുപ്പ് മധുര റീജണൽ മാനേജിങ് ഡയറക്ടർ ശരവണൻ, കമ്പം എംഎൽഎ എൻ. രാമകൃഷ്ണൻ, ആണ്ടിപ്പെട്ടി എംഎൽഎ മഹാരാജൻ എന്നിവർ സംസാരിച്ചു. പരിപാടിയിൽ തേനി ജില്ലാ കളക്ടർ രഞ്ജിത് സിങ്, ഗതാഗത-വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രതിനിധികളും പൊതുജനങ്ങളും പങ്കെടുത്തു.



