വഴിയരികിലെ ശസ്ത്രക്രിയയും നാടിന്റെ കാത്തിരിപ്പും വിഫലമായി; ലിനു മരണത്തിന് കീഴടങ്ങി

ജീവൻ രക്ഷിക്കാൻ റോഡരികിൽ നടത്തിയ ശസ്ത്രക്രിയ വിഫലമായി. കൊല്ലം സ്വദേശിയായ ലിനു മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു ഉദയംപേരൂരിൽ വച്ച് ലിനു സഞ്ചരിച്ച സ്കൂട്ടറും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിടിച്ചത്.
ഗുരുതരമായി പരിക്കേറ്റ്, റോഡിൽ പ്രാണവായു കിട്ടാതെ പിടഞ്ഞ ലിനുവിന് അവിചാരിതമായി ആ വഴിയെത്തിയ കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർ മനുപ്, ഡോക്ടർമാരായ തോമസ് പീറ്റർ, ദിദിയ എന്നിവർ അടിയന്തര ചികിത്സ നൽകുകയായിരുന്നു.ശ്വാസഗതി തിരിച്ചുകിട്ടാൻ സ്ട്രോയും ബ്ലേഡും ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തി.
പോലീസും നാട്ടുകാരും എല്ലാ സഹായവുമായി ഒപ്പം നിന്നു. തുടർന്നാണ് എത്രയും വേഗം തൊട്ടടുത്തുള്ള വെൽകെയർ ആശുപത്രിയിലേക്ക് എത്തിച്ചത്. ചികിത്സ തുടരുന്നതിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. എറണാകുളം ഫുഡ് കമ്പനിയിലെ റീജണൽ മാനേജർ ആയിരുന്നു ലിനു . ഡോക്ടർമാരുടെ ജീവൻ രക്ഷിക്കാനുള്ള പരിശ്രമത്തെ ഗവർണർ ഉൾപ്പെടെയുള്ളവർ പ്രശംസിച്ചിരുന്നു.



