KeralaLatest News
പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം: കെട്ടിടത്തിന്റെ ഒരുഭാഗം കത്തി നശിച്ചു; കോടികളുടെ നഷ്ടം

പെരുമ്പാവൂർ മേതലയിൽ പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം. കല്ലിൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് സ്ഥാപനത്തിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ തീപിടിത്തമുണ്ടായത്. കമ്പനിയുടെ കെട്ടിടത്തിന്റെ ഒരുഭാഗം കത്തി നശിച്ചു. ഉള്ളിൽ ഉണ്ടായിരുന്ന പ്ലൈവുഡ് ഉൽപന്നങ്ങൾ പൂർണമായും അഗ്നിക്കിരയായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കോടികളുടെ നാശനഷ്ടം സംഭവിച്ചു എന്നാണ് പ്രാഥമിക വിലയിരുത്തൽ.
എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അഗ്നിശമന സേനയുടെ 8 യൂണിറ്റുകൾ തീയണയ്ക്കാൻ എത്തി. സ്ഥാപനത്തിലെ ഡ്രൈയറിന്റെ ഭാഗത്താണ് ആദ്യം തീ പിടിച്ചത്. പിന്നീട് പല ഭാഗങ്ങളിലേക്കായി പടരുകയായിരുന്നു. തീപിടിക്കുന്ന സമയം ഇവിടെ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കുകളില്ല. കുറുപ്പംപടി പൊലീസും സ്ഥലത്തെത്തി.



