വന്യ മൃഗാക്രമണം; കെ സി വൈ എമ്മിന്റെ നേതൃത്വത്തില്‍ നടന്ന് വന്നിരുന്ന 48 മണിക്കൂര്‍ ഉപവാസ സമരം അവസാനിച്ചു

അടിമാലി: വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി രൂപത കെ സി വൈ എമ്മിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ നടന്ന് വന്നിരുന്ന 48 മണിക്കൂര്‍ ഉപവാസ സമരം അവസാനിച്ചു. ജില്ലയില്‍ വന്യമൃഗ ശല്യം വര്‍ധിച്ച് വരികയും മനുഷ്യ ജീവനുകള്‍ പൊലിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി രൂപത കെ സി വൈ എം പ്രത്യക്ഷസമരത്തിലേക്ക് നീങ്ങിയത്. കെ സി വൈ എം ഇടുക്കി രൂപതാ പ്രസിഡന്റ് ജെറിന് ജെ പട്ടാംകുളം സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം അലക്സ് തോമസ് എന്നിവരാണ് ഉപവാസ സമരം നയിച്ചിരുന്നത്.
മാങ്കുളം ജനകീയ സമര സമിതി കണ്‍വീനര്‍ ഫാ. മാത്യു കരോട്ട് കൊച്ചറക്കലും ഉപവാസ സമരവുമായി സമര പന്തലിലുണ്ടായിരുന്നു.ഇടുക്കി രൂപതാ മെത്രാന് മാര്‍. ജോണ്‍ നെല്ലിക്കുന്നേല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.ഇടുക്കി രൂപതാ വികാരി ജനറാള്‍ റവ.ഫാ. മോണ്‍ ജോസ് പ്ലാച്ചിക്കല്‍ ഉദ്ഘാടനം ചെയ്തായിരുന്നു സമരത്തിന് തുടക്കം കുറിച്ചത്. അഡ്വ. ഡീന്‍ കുര്യാക്കോസ് എം പിയും സമാന വിഷയത്തില്‍ സമര പാതയിലുള്ള വിവിധ സംഘടനാ പ്രവര്‍ത്തകരുമൊക്കെ കെ സി വൈ എമ്മിന്റെ സമരത്തിന് പിന്തുണ അറിയിച്ച് അടിമാലിയില്‍ എത്തിയിരുന്നു.

കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് വന്യജീവിയാക്രമണത്തില്‍ പൊലിഞ്ഞത് 12 ജീവനുകളാണ്. ഇനിയും വന്യജീവിയാക്രമണത്തില്‍ ജീവന് നഷ്ടപ്പെടാന്‍ ഇടയാവരുതെന്ന് ആവശ്യം കെ സി വെ എം മുമ്പോട്ട് വയ്ക്കുന്നു. സമാപന സമ്മേളനത്തില്‍ ഫാ. ഷിജോ നടുപടവില്‍, ഫാ. ജിന്‍സ് കാരക്കാട്ട്, സിസ്റ്റര്‍ ലിന്റ, സാം സണ്ണി പുള്ളിയില്‍, സണ്ണി കടുതാഴെ, സിജോ ഇലന്തൂര്‍, അമല ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.വന്യമൃഗാക്രമണത്തിന് പരിഹാരം ആവശ്യപ്പെട്ടുള്ള ഇടുക്കി രൂപതയുടെ ബഹുജന റാലിയും സമ്മേളനവും നാളെ പൂപ്പാറയില്‍ നടക്കും.