അടിമാലിയില്‍ കെ എസ് ആര് ടി സി എന്‍ക്വയറി ഓഫീസിന്റെ പ്രവര്‍ത്തനം അവതാളത്തില്‍

അടിമാലി: അടിമാലിയില്‍ തുറന്ന കെ എസ് ആര് ടി സിയുടെ എന്‍ക്വയറി ഓഫീസിന്റെ പ്രവര്‍ത്തനം നിലച്ചു.ജീവനക്കാരുടെ കുറവ് മൂലമാണ് ഓഫീസിന്റെ പ്രവര്‍ത്തനം താളംതെറ്റിയതെന്നാണ് വിവരം. അടിമാലിയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ തന്നെയാണ് കെ എസ് ആര് ടി സി ബസുകളും പാര്‍ക്ക് ചെയ്യുന്നത്. ദീര്‍ഘദൂര ബസുകളടക്കം ദിവസവും നിരവധിയായ കെ എസ് ആര് ടി സി ബസ് സര്‍വ്വീസുകള്‍ അടിമാലി വഴി കടന്നു പോകുന്നുണ്ട്. ഈ ബസുകളുടെ സമയമറിയാനും മറ്റന്വേഷണങ്ങള്‍ക്ക് സഹായകരമെന്ന രീതിയിലുമായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് അടിമാലിയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ കെ എസ് ആര് ടി സിയുടെ എന്‍ക്വയറി ഓഫീസ് തുറന്നത്. യാത്രകാര്‍ക്ക് ഗുണകരമായിരുന്ന ഈ ഓഫീസിന്റെ പ്രവര്‍ത്തനമാണിപ്പോള്‍ നിലച്ചിട്ടുള്ളത്. എന്‍ ക്വയറി ഓഫീസ് തുറക്കാതായതോടെ കെ എസ് ആര് ടി സി സര്‍വ്വീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരക്കാന്‍ അടിമാലി ബസ് സ്റ്റാന്‍ഡില്‍ സൗകര്യമില്ലാതായി മാറി. ബസ് സ്റ്റാന്‍ഡ് പരിസരത്ത് പഞ്ചായത്തിന്റെ ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേര്‍ന്നായിരുന്നു എന്‍ക്വയറി ഓഫീസ് തുറന്നിടുന്നത്. തുടക്കത്തില്‍ മികച്ച രീതിയിലായിരുന്നു ഓഫീസിന്റെ പ്രവര്‍ത്തനം. നിരവധി വിനോദ സഞ്ചാരികളടക്കം എത്തുന്ന ബസ് സ്റ്റാന്‍ഡാണ് അടിമാലിയിലേത്. അടിമാലി വഴി കടന്നു പോകുന്ന കെ എസ് ആര് ടി ബസുകളുടെ വിവരങ്ങള്‍ തിരക്കാന്‍ അടിമാലിയിലെ ആളുകള്‍ നിലവില്‍ മൂന്നാര്‍ ഡിപ്പോയിലേക്ക് വിളിക്കേണ്ട സ്ഥിതിയുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ച് അടിമാലിയിലെ കെ എസ് ആര് ടി സിയുടെ എന്‍ക്വയറി ഓഫീസ് പ്രവര്‍ത്തന സജ്ജമാക്കണമെന്നാണ് ആവശ്യം.