
ഇടുക്കി : ഇടിമിന്നലിൽ രണ്ടുപേർക്ക് പരിക്ക്. വീടിന് കേടുപാടുകൾ സംഭവിച്ചു. കണ്ണംപടി പുന്നപാറ തെക്കേടത്ത് ലീല, ഉറുമ്പിൽ രമേശൻ എന്നിവർക്കാണ് പരിക്കേറ്റത്. ലീലയുടെ കണ്ണിനും, രമേശന്റെ കാലിനുമാണ് പരിക്ക്. ലീലയുടെ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വയറിങ് കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. പണികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ രമേശൻ മഴ നനയാതിരിക്കാൻ ലീലയുടെ വീടിന്റെ ഉമ്മറത്ത് കയറി നിന്നു. വാതിൽപടിയിൽനിന്ന് ലീല രമേശനോട് സംസാരിച്ചുനിൽക്കുമ്പോഴാണ് ശക്തമായ ഇടിമിന്നലുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ ലീല മറിഞ്ഞുവീണു. തലയിടിച്ചാണ് വീണത്.
തിണ്ണയിൽ പതിപ്പിച്ചിരുന്ന ടൈൽ പൊട്ടിത്തെറിച്ച് രമേശന്റെ കാലുകളിൽ തുളച്ചുകയറി. ലീലയുടെ കാഴ്ചമങ്ങുകയും രമേശന്റെ കാലിലും തുടയിലും മുറിവും, മരവിപ്പുമുണ്ടാവുകയുംചെയ്തു. വിവരമറിഞ്ഞ് ലീലയുടെ മക്കളെത്തി ഇരുവരെയും ഉപ്പുതറ കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ എത്തിച്ചു



