തദ്ദേശ തിരഞ്ഞെടുപ്പ്: ഭരണവിരുദ്ധ വികാരം പ്രാദേശിക ഭരണത്തിന് എതിരെ; സംസ്ഥാന സര്‍ക്കാരിനെതിരെയല്ലെന്ന് സിപിഐഎം

തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്നും, ഭരണ വിരുദ്ധ വികാരം പ്രാദേശിക ഭരണത്തിന് എതിരെയെന്നും സിപിഐഎം. തുടര്‍ച്ചയായി എല്‍ഡിഎഫ് ഭരിച്ചിരുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് എതിരായ വികാരം പ്രതിഫലിച്ചു. ഇത് മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പരിഹാരം കാണുന്നതില്‍ സംഘടനാ വീഴ്ച സംഭവിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയുള്ള പാര്‍ട്ടി കമ്മിറ്റികള്‍ക്ക് വീഴ്ചയുണ്ടായെന്നും വിമര്‍ശനമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം അവലോകനം ചെയ്യാനായി ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിലയിരുത്തല്‍.
ശബരിമല സ്വര്‍ണക്കൊള്ള ഏതെങ്കിലും തരത്തില്‍ തിരിച്ചടിച്ചുവെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കില്ല. എന്നാല്‍ കേസില്‍ അറസ്റ്റിലായ പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗം എ പത്മകുമാറിനെതിരെ നടപടി വൈകിയത് വലിയ തോതില്‍ എതിരാളികള്‍ പ്രചാരണ വിഷയമാക്കിയെന്നാണ് നിരീക്ഷണം. നടപടിയുടെ കാര്യത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട് സംഘടനാപരമായി ശരിയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ നടപടിയില്ലെന്ന് എതിരാളികള്‍ വലിയ പ്രചരണം നടത്തിയെന്നും നിരീക്ഷിച്ചു.
തിരഞ്ഞെടുപ്പ് തിരിച്ചടി മറികടക്കാന്‍ വേഗത്തില്‍ നടപടി സ്വീകരിക്കാനാണ് പാര്‍ട്ടി തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് തീരുമാനം. പ്രവര്‍ത്തകരുടെ ആത്മവീര്യം നഷ്ടമാകാതിരിക്കാന്‍ തിരുത്തല്‍ അനിവാര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി. തിരുത്തല്‍ നടപടികള്‍ യോഗത്തില്‍ അവതരിപ്പിച്ചു.



