
ഇടുക്കി ജില്ലയിലെ നെയ്മക്കാട് നിന്നു പുതിയയിനം കാട്ടുചേനയെ കണ്ടെത്തി. പാമ്പിന്റെ ഫണത്തോടു സമാനമായ രൂപഘടനയുള്ള പൂക്കളുള്ള കാട്ടുചേനകളാണ് അരിസേമ ചെടികൾ. അതിനാൽ കോബ്രാ ലില്ലി എന്നും ഇവയ്ക്കു പേരുണ്ട്. കണ്ടെത്തിയ സ്ഥലപ്പേരു കൂടി ചേർത്ത് അരിസേമ നെയ്മക്കാടൻസേ എന്ന ശാസ്ത്രീയനാമമാണു ചെടിക്കു നൽകിയത്. ഇന്ത്യയിൽ ഇവയുടെ അറുപതോളം ഇനങ്ങൾ വളരുന്നുണ്ട്. ഇവയിലേറെയും ഔഷധഗുണങ്ങൾ ഉള്ളവയാണ്. പർപ്പിൾ നിറത്തിലുള്ള തണ്ടുകളും ഉരുണ്ട ആകൃതിയിൽ പൂങ്കുലയുടെ അഗ്രം രൂപപ്പെടുന്നതുമൊക്കെ ചെടിയുടെ സവിശേഷതയാണ്

ആലപ്പുഴ സനാതന ധർമ കോളജിലെ അധ്യാപകൻ ഡോ. ജോസ് മാത്യു, കൽപറ്റ എം.എസ്.സ്വാമിനാഥൻ റിസർച് ഫൗണ്ടേഷനിലെ സലിം പിച്ചൻ എന്നിവരാണു പുതിയ ചെടി കണ്ടെത്തിയത്. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹായധനത്തോടെ കിഴങ്ങുവർഗ സസ്യങ്ങളുടെ വൈവിധ്യം സംബന്ധിച്ച ഗവേഷണത്തിലാണു കണ്ടെത്തൽ. മഴക്കാലത്തിന്റെ തുടക്കത്തിലാണ് പൂക്കുക. ന്യൂസീലൻഡിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ഫയ്റ്റോടാക്സ എന്ന രാജ്യാന്തര സയൻസ് മാഗസിനിൽ പഠനം സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.



