KeralaLatest News

നവോത്ഥാന നായകരിൽ പ്രമുഖ സാന്നിധ്യം; ഇന്ന് മന്നം ജയന്തി

സാമൂഹിക പരിഷ്‌കർത്താവ് മന്നത്ത് പത്മനാഭന്റെ ജന്മവാർഷിക ദിനമാണ് ഇന്ന്. കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖ സാന്നിധ്യമായിരുന്നു മന്നത്ത് പത്മനാഭൻ. നായർ സർവീസ് സൊസെറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭൻ അനാചാരങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും എതിരെ അതിശക്തമായി പോരാടി.

സമുദായത്തിന്റെ വേലിക്കെട്ടുകൾക്കുള്ളിൽ ഒതുങ്ങാതെ, സാമൂഹിക ഐക്യത്തിനായി നിലകൊണ്ട കർമ്മയോഗിയായിരുന്നു മന്നത്ത് പത്മനാഭൻ. സമൂഹനന്മ ലക്ഷ്യം വച്ച് അക്ഷീണം പ്രവർത്തിച്ച സാമൂഹിക പരിഷ്‌കർത്താവായിരുന്നു മന്നം. നേതൃപാടവം കൊണ്ടും സംഘടനാചാതുരി കൊണ്ടും ശ്രദ്ധേയനായ മന്നത്ത് പത്മനാഭൻ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയും ശക്തമായ നിലപാടാണ് എക്കാലത്തും സ്വീകരിച്ചത്. ജാതിമത വേർതിരിവില്ലാതെ എല്ലാവർക്കുമായി കുടുംബക്ഷേത്രം തുറന്നു നൽകിയായിരുന്നു മന്നത്തിന്റെ സാമൂഹിക ഇടപെടലുകളുടെ തുടക്കം.

1914ൽ നായർ സമുദായ ഭൃത്യജനസംഘം ആരംഭിച്ച് സമുദായ പരിഷ്‌കരണത്തിനു തുടക്കമിട്ടു. പിന്നീടത് നായർ സർവീസ് സൊസൈറ്റി എന്നു പുനർനാമകരണം ചെയ്തു. വൈക്കം സത്യാഗ്രഹത്തെ എതിർത്ത സവർണരെ അണിനിരത്തി വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് നയിച്ച സവർണജാഥയും ഗുരുവായൂർ സത്യഗ്രഹവും മന്നത്ത് പത്മനാഭന്റെ നേതൃപാടവം അടയാളപ്പെടുത്തി. കാലാതീതമായ ദർശനങ്ങളും നിലപാടുകളും കൊണ്ട് കേരളത്തിന്റെ സാമൂഹികമാറ്റത്തിന്റെ ചാലകശക്തിയായി മാറിയെന്നതാണ് മന്നത്ത് പത്മനാഭന്റെ പ്രസക്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!