AutoBusiness

ഗെയിമിംഗ്, സെൽഫ്-ഡ്രൈവിംഗ് ഫീച്ചർ; ഞെട്ടിച്ച് അഫീല, ഇലക്ട്രിക് SUV പ്രോട്ടോടൈപ്പ് അവതരിപ്പിച്ച് സോണി-ഹോണ്ട കൂട്ടുകെട്ട്

ഹോണ്ടയും സോണിയും സംയുക്ത സംരംഭത്തിന് കീഴിൽ വികസിപ്പിച്ച ഇലക്ട്രിക് SUV പ്രോട്ടോടൈപ്പ് അവതരിപ്പിച്ചു. അഫീല SUV എന്ന് പേരിട്ടിരിക്കുന്ന വാഹനം സോണി-ഹോണ്ട കൂട്ടുകെട്ടിൽ വിപണിയിലേക്കെത്തുന്ന രണ്ടാമത്തെ വാഹനമാണിത്. പുതിയ ഇലക്ട്രിക് എസ്‌യുവി 2028-ഓടെ അമേരിക്കൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻപ് അവതരിപ്പിച്ച Vision-S 02 കൺസെപ്റ്റിന്റെ മറ്റൊരു അപ്ഡേറ്റ് ചെയ്ത മോഡലാണ് പുതിയ ഇവി എസ്‌യുവി.

ഹോണ്ടയും സോണിയും തമ്മിലുള്ള പങ്കാളിത്തത്തിൽ മോഡലുകളുടെ നിർമ്മാണം ഹോണ്ട കൈകാര്യം ചെയ്യുമ്പോൾ സാങ്കേതികവിദ്യയും ഉപയോക്തൃ അനുഭവവും സോണി കൈകാര്യം ചെയ്യുന്നു. ഒരു മിനിമലിസ്റ്റ് ലുക്കിൽ എത്തുന്ന പുതിയ എസ്‌യുവി അഫീല 1 സെഡാന്റെ ഉയന്ന പതിപ്പാണ്. അലോയ് വീലുകളുടെ ഡിസൈൻ അഫീല 1 സെഡാനിൽ നിന്ന് കടമെടുത്തതാണ്. ലാസ് വേഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രിക് ഷോയിലാണ് പുതിയ ഇലക്ട്രിക് എസ്‌യുവിയുടെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

ഗെയിമിംഗ്, കണക്റ്റിവിറ്റി, സെൽഫ്-ഡ്രൈവിംഗ് ഫീച്ചറുകൾ ഉൾപ്പെടെയാണ് പുതിയ എസ്‌യുവിയിൽ ലഭിക്കുക. എസ്‌യുവിയുടെ ഇന്റീരിയർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പ്രോട്ടോടൈപ്പിന്റെ ഒരു ചിത്രം അഫീല 1 ന് സമാനമായ ഒരു ഇന്റീരിയർ ലേഔട്ട് കാണിക്കുന്നു. എങ്കിലും ഡാഷ്‌ബോർഡിൽ ട്രിപ്പിൾ-സ്‌ക്രീൻ ഡിസ്‌പ്ലേയും പിൻസീറ്റ് യാത്രക്കാർക്കുള്ള ഡിസ്‌പ്ലേകളും ശ്രദ്ധേയമാണ്. മ്യൂസിക്, സിനിമ, ഗെയിമിംഗ്, ക്ലൗഡ് സേവനങ്ങൾ എന്നിവയെല്ലാം ഒരുമിക്കുന്ന ഡിജിറ്റൽ ഇക്കോസിസ്റ്റമായി വാഹനത്തെ എത്തിക്കാനാണ് ഹോണ്ട-സോണി കൂട്ടുകെട്ട് ശ്രമിക്കുന്നത്.

സോണിയിൽ പ്രവർത്തിക്കുന്ന ഓഡിയോ സിസ്റ്റം, ലെവൽ 2+ ADAS കഴിവുകൾ, വ്യക്തിഗതമാക്കിയ AI ഏജന്റ്, 5G കണക്റ്റിവിറ്റി എന്നിവ വാഹനത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനം 91 kWh ബാറ്ററി പാക്കോടെയാവും വരുന്നത്. 475hp ഉത്പാദിപ്പിക്കുന്നതും 482km റേഞ്ച് വരെ വാ​ഗ്ദാനം ചെയ്യുന്ന ഡ്യുവൽ-മോട്ടോർ സജ്ജീകരണം വാഹനത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

അതേസമയം അഫീല 1 ഈ വർഷം ഉത്പാദനത്തിലേക്ക് കടക്കും, അടുത്ത വർഷം ജപ്പാനിലും അമേരിക്കയിലും പുറത്തിറക്കാൻ സാധ്യതയുണ്ട്. നിലവിൽ, അഫീല ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ എത്തുന്നതിനുള്ള പദ്ധതികളൊന്നുമില്ല. സോണി വികസിപ്പിച്ചെടുത്ത സാങ്കേതിക ഫീച്ചറുകളാണ് അഫില 1ന്റെ പ്രത്യേകത. എഐ അടിസ്ഥാനമാക്കിയുള്ള പേഴ്സണൽ അസിസ്റ്റന്റും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് വേരിയന്റുകളിലാണ് അഫീല 1 ഇവി എത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!