WPL നാലാം പതിപ്പിന് ത്രില്ലർ പോരോടെ തുടക്കം; നിലവിലെ ചാമ്പ്യന്മാരെ മുട്ടുകുത്തിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു

വനിതാ പ്രീമിയർ ലീഗ് നാലാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തകർപ്പൻ ജയം. ത്രില്ലർ പോരിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ മൂന്ന് വിക്കറ്റ് തോൽപ്പിച്ചു.156 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് RCB മറികടന്നത്.
155 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത RCB യുടെ സ്കോർബോർഡിൽ 65 റൺസ് എത്തിയപ്പോഴേക്കും പകുതിപേരെ നഷ്ടമായി.എന്നാൽ അരുന്ധതി റെഡിയെ ഒരു വശത്തു നിർത്തി ദക്ഷിണാഫ്രിക്കൻ താരം നദീൻ ഡി ക്ലർക്ക് തകർത്ത് അടിച്ചു. അവസാന ഓവറിൽ RCB ക്ക് വേണ്ടിയിരുന്നത് 18 റൺസ് മാത്രമായിരുന്നു. ആദ്യ രണ്ടു പന്ത് നഷ്ടമായെങ്കിലും പിന്നീടുള്ള നാലും അതിർത്തി കടത്തി ഡി ക്ലർക്ക് ആർസിബിയെ ലക്ഷ്യത്തിലെത്തിച്ചു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിനെ മാന്യമായ സ്കോറിൽ എത്തിച്ചത് മലയാളി താരം സജ്ന സജീവന്റെ വെടിക്കെട്ട് ബാറ്റിംഗ് ആയിരുന്നു. 25 പന്തിൽ 7 ഫോറും ഒരു സിക്സും ഉൾപ്പെടെ സജ്ന നേടിയത് 45 റൺസ് ആണ്.



