KeralaLatest NewsLocal news

മദ്യത്തിനും മയക്കുമരുന്നിനും എതിരെ അണിനിരക്കാന്‍ കൊന്നത്തടി ഗ്രാമപഞ്ചായത്ത്

അടിമാലി: മദ്യത്തിനും മയക്കുമരുന്നിനും എതിരെ അണിനിരക്കാന്‍ കൊന്നത്തടി ഗ്രാമപഞ്ചായത്ത്. പുതിയ ഭരണസമിതിയുടെ പ്രഥമ പഞ്ചായത്ത് കമ്മിറ്റിയില്‍ മദ്യത്തിനും മയക്കുമരുന്നിനും എതിരെ അണിനിരക്കാന്‍ തീരുമാനമെടുത്തതായി പഞ്ചായത്ത് ഭരണസമിതി അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ ലഹരിയുടെ ഉപയോഗം വര്‍ധിച്ച് വരുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മദ്യത്തിനും മയക്കുമരുന്നിനും എതിരെ അണിനിരക്കാന്‍ കൊന്നത്തടി ഗ്രാമപഞ്ചായത്ത് ഭരണ സമിതി തീരുമാനം കൈകൊണ്ടിട്ടുള്ളത്. ഇതിന്റെ ഭാഗമായിട്ടാണ്  ഭരണസമിതി സ്ഥിരം സമിതി അധ്യക്ഷന്‍ ബിജു വള്ളോംപുരയിടം അവതാരകനായും പഞ്ചായത്തംഗം സി. കെ ജിതിന്‍ അനുവാദകനായും ആദ്യ പഞ്ചായത്ത് കമ്മിറ്റിയില്‍ തന്നെ പ്രമേയം അവതരിപ്പിച്ചത്. ഈ പ്രമേയത്തിന്‍മേല്‍ പഞ്ചായത്ത് പരിധിയില്‍ ലഹരിയുടെ ഉപയോഗം കുറക്കാന്‍ വിവിധ കര്‍മ്മപദ്ധതികള്‍ ആവിക്ഷ്‌ക്കരിച്ച് മുമ്പോട്ട് പോകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ സാമുദായിക സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ സന്നദ്ധ സംഘടന പ്രതിനിധികള്‍, പോലീസ്, എക്‌സൈസ്, ക്ലബ്ബുകള്‍, വായനശാല എന്നിവരുടെ സഹകരണത്തോടെ കമ്മറ്റികള്‍ രൂപീകരിച്ച് പഞ്ചായത്ത് പരിധിയില്‍ ബോധവല്‍ക്കരണം നടത്തും. യുവതി യുവാക്കളെ കായിക വിനോദങ്ങള്‍, വ്യായാമം എന്നിവയില്‍ കൂടുതല്‍ പങ്കാളികളാക്കാന്‍ ശ്രമം നടത്തും. ലഹരിക്ക് അടിമപെട്ടവര്‍ക്ക് കൗണ്‍സിലിംഗ്, ചികിത്സ ഉള്‍പ്പെടെ പുനരധിവാസം ഉറപ്പാക്കണമെന്നും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.

ഈ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ 2026-27 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡി പി സിക്ക് പദ്ധതി സമര്‍പ്പിക്കുമെന്നും ഭരണസമിതി അംഗങ്ങള്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ പ്രസാദ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോബി പേടിക്കാട്ട്കുന്നേല്‍, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു വള്ളോംപുരയിടം, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി ജോസ്, പഞ്ചായത്തംഗം ജിതിന്‍ സി.കെ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!