നേതാക്കള്‍ ജനങ്ങളില്‍ നിന്നും അകലുന്നു; ജനങ്ങളിലേക്ക് ഇറങ്ങണം’; കോഴിക്കോട് ജില്ലാ നേതൃ യോഗത്തില്‍ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

നേതാക്കള്‍ ജനങ്ങളില്‍ നിന്നും അകലുന്നുവെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. സിപിഐഎം കോഴിക്കോട് ജില്ലാ നേതൃ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ജനങ്ങളെ കേള്‍ക്കാന്‍ നേതാക്കള്‍ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ജനങ്ങളോട് പാര്ട്ടിക്കാര് നന്നായി പെരുമാറണം. അവരെ നന്നായി കേള്‍ക്കണം. മുന്നില്‍ ഇരിക്കുന്ന നാട്ടുകാരെ കേള്‍ക്കാതെ. മൊബൈല്‍ കളിക്കുന്ന നേതാക്കള്‍ ഉണ്ട്. ജനങ്ങളിലേക്ക് ഇറങ്ങണം. സാധിക്കുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കണം. ചെയ്യാന്‍ ആവാത്ത കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തണം. ജനങ്ങള്‍ക്കിടയിലേക്ക് നന്നായി ഇറങ്ങിയാല്‍ കോഴിക്കോട് 13 മണ്ഡലത്തിലും എല്‍ഡിഎഫ് ജയിക്കുമെന്നും പിണറായി വിജയന് യോഗത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ആദ്യ തിരഞ്ഞെടുപ്പ് യോഗമാണ് കോഴിക്കോട് നടന്നത്. മുഖ്യമന്ത്രി നേരിട്ട് കളത്തില്‍ ഇറങ്ങി സിപിഐഎം ജില്ലാതല തിരഞ്ഞെടുപ്പ് ആസൂത്രണ യോഗങ്ങള്‍ നടത്താനാണ് സിപിഐഎം തീരുമാനം. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് സിപിഐഎം ജില്ലാ നേതൃയോഗത്തില്‍ പങ്കെടുത്തത്. സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയിലാണ് കോഴിക്കോട് നിര്‍ണായക യോഗം ചേര്‍ന്നത്.



