പൊതുവിപണിയിലെ വിലക്കയറ്റം ഹോട്ടല്‍ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നു

അടിമാലി: പൊതുവിപണിയിലെ വിലക്കയറ്റം കുടുംബ ബഡ്ജറ്റിനെയെന്ന പോലെ ഹോട്ടല്‍ വ്യവസായത്തെയും പ്രതികൂലമായി ബാധിക്കുകയാണ്.ഉപ്പു തൊട്ട് സകല വസ്തുക്കളുടെയും വിലയില്‍ സമീപകാലത്ത് വലിയ വര്‍ധനവ് ഉണ്ടായിട്ടുള്ളതായി ഹോട്ടല്‍ നടത്തിപ്പുകാര്‍ പറയുന്നു. പച്ചക്കറികളുടെയും മാംസത്തിന്റെയും മീനിന്റെയുമെല്ലാം വില വര്‍ധിച്ചു. മറ്റവശ്യ വസ്തുക്കള്‍ക്കും വില വര്‍ധനവുണ്ടായതായി ഹോട്ടല്‍ ഉടമകള്‍ പറയുന്നു.
പാചക വാതക വില വര്‍ധനവും വെല്ലുവിളിയാണ്. സാധനങ്ങളുടെ വില വര്‍ധനവിനൊപ്പം തൊഴിലാളികളുടെ കൂലിയും വൈദ്യുതി ചാര്‍ജ്ജും വാടകയുമൊക്കെയാകുന്നതോടെ പല ചെറുകിട ഹോട്ടലുടമകള്‍ക്കും മിച്ചം ലഭിക്കുന്നത് തുച്ഛമായ തുകയാണ്. വിനോദ സഞ്ചാര സീസണൊഴിയുന്നതോടെ ഹോട്ടലുകളില്‍ തിരക്ക് കുറയും. പിന്നീട് ലഭിക്കുന്ന തുച്ഛമായ വരുമാനത്തില്‍ നിന്നു വേണം വാടകയും മറ്റിതര ചിലവുകളും വഹിക്കാന്‍.
അധിക സാമ്പത്തിക ബാധ്യത താങ്ങാനാകാതെ ചെറുകിട ഹോട്ടലുകളില്‍ പലതിനും പൂട്ടു വീണു. ചിലര്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നടക്കം ഹോട്ടല്‍ വ്യവസായത്തെ സംരക്ഷിക്കുവാനുള്ള ഇടപെടല്‍ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.



