മൂന്നാർ പള്ളിവാസലിൽ പ്രവേശവാസികളും വിനോദ സഞ്ചാരികളും തമ്മിലുള്ള സംഘർഷം; പ്രകോപനം ഉണ്ടാക്കിയത് വിനോദസഞ്ചാരികൾ

മൂന്നാർ: പള്ളിവാസലിൽ പ്രവേശവാസികളും വിനോദ സഞ്ചാരികളും തമ്മിലുള്ള സംഘർഷത്തിൽ, പ്രകോപനം ഉണ്ടാക്കിയത് വിനോദസഞ്ചാരികൾ എന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ജീപ്പിനു മുകളിൽ കയറിയിരുന്നത് ചോദ്യം ചെയ്ത ഡ്രൈവറെ വിനോദസഞ്ചാരികൾ ക്രൂരമായി മർദ്ദിച്ചു. ഇത് നാട്ടുകാർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്.

കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് എത്തിയ വിനോദസഞ്ചാരികളാണ് സംഘർഷം ഉണ്ടാക്കിയത്. ഇന്നലെ ഉച്ചയോടുകൂടിയായിരുന്നു സംഘർഷം ഉണ്ടായത്. സംഭവത്തിൽ മൂന്ന് ജീപ്പ് ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് 26 പേരടങ്ങുന്ന സംഘമാണ് മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തിയത്. പള്ളിവാസലിൽ എത്തിയ ശേഷം വിനോദ സഞ്ചാര സംഘത്തിൽ നിന്ന് കുറച്ച് പേർ പുറത്തിറങ്ങി നിർത്തിയിട്ടിരുന്ന ട്രക്കിങ് ജീപ്പിന് മുകളിൽ കയറുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
വിനോദ സഞ്ചാരികൾ മദ്യപിച്ചാണ് എത്തിയതെന്നും അനാവശ്യമായി പ്രകോപനം ഉണ്ടാക്കിയെന്നുമാണ് ജീപ്പ് ഡ്രൈവർമാർ പറഞ്ഞത്. സംഭവത്തിൽ എട്ട് വിനോദ സഞ്ചാരികൾക്ക് പരുക്കേറ്റിരുന്നു.



