ഇന്ത്യക്ക് പരമ്പര നഷ്ടം; ചരിത്രത്തിൽ ആദ്യമായി സ്വന്തം നാട്ടിൽ ന്യൂസിലൻഡിനോട് ഏകദിന പരമ്പര തോറ്റു

ചരിത്രത്തിൽ ആദ്യമായി ന്യൂസിലാൻഡിനോട് സ്വന്തം നാട്ടിൽ ഏകദിന പരമ്പര തോറ്റ് ടീം ഇന്ത്യ. മൂന്നാം മത്സരത്തിൽ 41 റൺസിന് ഇന്ത്യയ്ക്ക് തോൽവി. 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 296 ന് പുറത്തായി. വിരാട് കോഹ്ലിയുടെ സെഞ്ച്വറി പാഴായി. 2019 മാർച്ചിനുശേഷം ഇന്ത്യ നാട്ടിൽ ഏകദിന പരമ്പര തോൽക്കുന്നതും ഇതാദ്യമായാണ്.
ഇന്ത്യയ്ക്ക് മികച്ച തുടക്കമല്ലായിരുന്നു ലഭിച്ചത്. മുൻ നിര ബാറ്റർമാർ എല്ലാം പതറി പോയ മത്സരത്തിൽ കോഹ്ലി മാത്രമാണ് പിടിച്ചുനിന്നത്. രോഹിത്, ഗിൽ, രാഹുൽ, ശ്രേയസ് ആർക്കും തിളങ്ങാൻ ആയില്ല. ഒരു ഘട്ടത്തിൽ 71-4 എന്ന നിലയിലേക്ക് ഇന്ത്യ പതറി. അവിടെ നിന്ന് നിതീഷിനെ കൂട്ടുപിടിച്ച് കോഹ്ലി ഇന്ത്യയുടെ ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോയി. നിതീഷ് റെഡ്ഡി 53 റൺസ് എടുത്ത് പുറത്തായി.
40ആം ഓവറിൽ കോഹ്ലി തന്റെ സെഞ്ച്വറിയിൽ എത്തി. 91 പന്തിൽ നിന്നായിരുന്നു സെഞ്ച്വറി. 46ആം ഓവറിൽ കോഹ്ലി വീണു. 124 റൺസ് എടുത്ത് കോഹ്ലി വീണതോടെ ഇന്ത്യൻ പോരാട്ടം അവസാനിച്ചു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്തിരുന്നു. മിച്ചലും ഫിലിപ്‌സും ചേർന്നാണ് വൻ സ്‌കോറിലെത്തിച്ചത്.
131 പന്തുകളിൽ മൂന്ന് സിക്‌സും 15 ബൗണ്ടറിയും സഹിതം 137 റൺസ് നേടിയ മിച്ചലാണ് ന്യൂസീലൻഡിന്റെ ടോപ് സ്‌കോറർ. ഫിലിപ്‌സ് 88 പന്തുകളിൽ മൂന്ന് സിക്‌സും ഒൻപത് ബൗണ്ടറിയും സഹിതം 106 റൺസും നേടി. ഇരുവരും ചേർന്ന് 186 പന്തുകളിൽ 219 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഇന്ത്യക്കെതിരേ ന്യൂസീലൻഡ് നേടുന്ന രണ്ടാമത്തെ ഏറ്റവുംവലിയ കൂട്ടുകെട്ടാണിത്



