
ഇടുക്കി മെഡിക്കല്‍ കോളേജില്‍ കാഷ്വാലിറ്റിയോട് ചേര്‍ന്ന് പുതിയ എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്റര്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന മെഡിക്കല്‍ കോളേജ് ആശുപത്രി മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തീയറ്ററിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റസിഡന്റ്, സ്റ്റാഫ്് നേഴ്‌സ് തുടങ്ങിയ തസ്തികകളിലെ ഒഴിവുകള്‍ അടിയന്തിരമായി നികത്തുന്നതിന് നടപടികള്‍ സ്വീകരിക്കും. മൂന്ന് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെയും രണ്ട് സീനിയര്‍ റസിഡന്റുമാരുടെയും ഒഴിവുകളാണ് നിലവിലുള്ളത്്.
പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കില്‍ വേഗത്തില്‍ നിയമന നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ തേടും. പുതിയ ഓപ്പറേഷന്‍ തീയറ്ററും, കൂടുതല്‍ തസ്തികകളും വരുന്നതോടെ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും രോഗികള്‍ക്കും ഏറെ പ്രയോജനം ലഭിക്കും. ഓപ്പറേഷന്‍ തീയറ്ററര്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ സര്‍ജറി, ഓര്‍ത്തോ വിഭാഗങ്ങള്‍ക്ക് കൂടി ഇവിടക്കേ് മാറ്റാന്‍ കഴിയും. കൂടാതെ വിദ്യാര്‍ത്ഥികളുടെ പഠനത്തിനും സൗകര്യമൊരുക്കാന്‍ സാധിക്കും. 21ന് മെഡിക്കല്‍ കോളേജ് വിഷയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ യോഗം ചേരും.
മെഡിക്കല്‍ കോളേജ് നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്ന കിറ്റ്‌കോയുടെ എം.ഡി, സീനിയര്‍ പ്രോജക്ട് മാനേജര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച വിഷയങ്ങള്‍ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.വി വര്‍ഗീസ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.സുരേഷ് വര്‍ഗീസ്, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



