CrimeKeralaLatest NewsLocal news

വിഡിയോ എടുക്കുന്നവളുമാരെ ബലാല്‍സംഗം ചെയ്യണം’; വിവാദ വിഡിയോയുമായി തൊടുപുഴയിലെ തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി

ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശിയായ ദീപക് ജീവനൊടുക്കിയതില്‍ ബലാല്‍സംഗ ആഹ്വാനവുമായി തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ അജയ് ഉണ്ണി. സമൂഹമാധ്യമത്തിലൂടെയാണ് തൊടുപുഴ സ്വദേശിയായ അജയ് ഉണ്ണി ബലാല്‍സംഗത്തിനുള്ള ആഹ്വാനം നടത്തിയത്. ‘ഇത്തരം ദുരനുഭവങ്ങള്‍ ഇനിയും ആണുങ്ങള്‍ക്ക് പലതും നേരിടേണ്ടി വരും. അപ്പോള്‍ ചെയ്യേണ്ട കാര്യമെന്ന് പറഞ്ഞാല്‍ നാണംകെടുത്താന്‍ അനാവശ്യമായൊരു ശ്രമം നടന്നാല്‍, നാണം കെട്ടു…മരിക്കണമെന്ന് തോന്നിയാല്‍ ചെയ്യേണ്ട കാര്യം എന്‍റെ അഭിപ്രായത്തില്‍ പറഞ്ഞാല്‍ ഇങ്ങനെ പറഞ്ഞ് ഉണ്ടാക്കുന്നവരെ നേരെ ചെന്നിട്ട് ഒന്ന് ബലാല്‍സംഗം ചെയ്തിട്ട് അങ്ങ് പോയി മരിക്കുക. അപ്പോള്‍ നമ്മള്‍ കുറ്റം ചെയ്തുവെന്ന മനസിന്‍റെ ആ പശ്ചാത്താപത്തോടെ മാന്യമായി മരിക്കാം. അല്ലാതെ ഒരു കുറ്റവും ചെയ്യാതെ ഭീരുവിനെ പോലെ മരിക്കേണ്ട ഒരു കാര്യവുമില്ല’- എന്നാണ് വിഡിയോയില്‍ പറയുന്നത്.

തൊടുപുഴ നഗരസഭയില്‍ അഞ്ചാം വാര്‍ഡില്‍ നിന്നാണ് അജയ് ഉണ്ണി മല്‍സരിച്ചത്. ബലാല്‍സംഗം ചെയ്ത് ജയിലില്‍ പോകാമെന്നും ജയിലില്‍ പോയാല്‍ അവിടെ പണി ചെയ്ത് പണം സമ്പാദിക്കാമെന്നും ഇയാള്‍ പറയുന്നുണ്ട്. നിരന്തരം ഇത്തരം പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അജയ് നടത്തുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ദീപകിന്‍റെ മരണത്തില്‍ വിഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്ത ഷിംജിത മുസ്തഫയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം തുടരുകയാണ്. ആത്മഹത്യ പ്രേരണാക്കുറ്റമാണ് ഷിംജിതയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. യുവതി ഒളിവിലാണെന്നും മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം തുടരുന്നുവെന്നുമാണ് നിലവില്‍ പൊലീസിനുള്ള വിവരം. സമൂഹമാധ്യമങ്ങളില്‍ ഷിംജിത പങ്കുവച്ച വിഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന ആരോപണവും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിനാല്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്താനും നീക്കമുണ്ട്. ഷിംജിതയുടെ വടകരയിലെ വീട്ടിലെത്തി ഇന്നലെ പൊലീസ് മൊഴിയെടുത്തിരുന്നു. ഇതിന് ശേഷമായിരുന്നു കേസ് റജിസ്റ്റര്‍ ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!