
മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി പൂഞ്ചേരിയിൽ, കളിക്കിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ സിയാൻ എന്ന 4 വയസ്സുകാരനെയാണ് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അതുൽ പ്രേം ഉണ്ണിയും എ എസ് ഐ കെ. എസ്. ഷിനുവും സിവിൽ പൊലീസ് ഓഫീസർ രഞ്ജിത് രാജനും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്.
നിലവിളി കേട്ടാണ് ഒരു കേസ് അന്വേഷണത്തിന് അതുവഴി പോകുകയായിരുന്ന പൊലീസ് സംഘം ആ വീട്ടുമുറ്റത്തേക്ക് ഓടിയെത്തിയത്,
കുട്ടി കിണറ്റിൽ വീണ വിവരം അറിഞ്ഞതോടെ മറ്റൊന്നും ചിന്തിക്കാതെ ഇൻസ്പെക്ടർ അതുൽ പ്രേം ഉണ്ണി കിണറ്റിലേക്ക് ഇറങ്ങി. മതിയായ സുരക്ഷാ സംവിധാനങ്ങൾ പോലും ഇല്ലാത്ത സാഹചര്യത്തിൽ, സമീപത്തുണ്ടായിരുന്ന മോട്ടോർ പമ്പ് പൈപ്പിൽ തൂങ്ങി, ആറടിയിലധികം വെള്ളമുള്ള കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു. മുകളിൽ നിന്ന് ഷിനുവും രഞ്ജിത് രാജനും പൈപ്പ് പിടിച്ചു നൽകി.
വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്ന കുഞ്ഞിനെ കയ്യിലെടുത്തു കിണറിനുള്ളിൽ വച്ചുതന്നെ ഉടൻ കൃത്രിമ ശ്വാസം നൽകി ജീവൻ തിരിച്ചെത്തിച്ചു. നാട്ടുകാരുടെ സഹായത്തോടെ കുഞ്ഞിനെ പുറത്തെത്തിച്ച് ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ സമയോചിത ഇടപെടലിലൂടെ ഒരു കുടുംബത്തിന്റെ കണ്ണീർ സന്തോഷമായി മാറി.
പൊലീസ് ഉദ്യോഗസ്ഥരെ റൂറൽ ജില്ലാ പൊലീസ് മേധാവി എം ഹേമലത അഭിനന്ദിച്ചു.



