
വേനൽ കടുത്തതോടെ മൂന്നാറിലെ ജനവാസമേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായി. മദപ്പാടിലുള്ള കൊമ്പൻ പടയപ്പയടക്കം കൂട്ടമായിയെത്തുന്ന കാട്ടാനകളെ തുരത്താൻ ഉറക്കമിളച്ച് കാവലിരിക്കുകയാണ് വനംവകുപ്പ് സംഘം. ആനകളുടെ ചിത്രം പകർത്താൻ സഞ്ചാരികൾ കൂട്ടം കൂടുന്നത് പലപ്പോഴും ദൗത്യത്തിന് വെല്ലുവിളിയാവുകയാണ്.
പടയപ്പ,ഹോസ് കൊമ്പൻ, ഒറ്റക്കൊമ്പൻ തുടങ്ങി നാല് കൊമ്പൻമാരുൾപ്പെടെ 15 കാട്ടാനകളാണ് മൂന്നാർ, ദേവികുളം റേഞ്ചുകളിൽ വിലസുന്നത്. മൂന്നാർ, പെട്ടിമുടി, അരുവിക്കാട് എന്നിവിടങ്ങളിലായി റാപ്പിഡ് റെസ്ക്യൂ സംഘത്തിൽ 28 പേരാണുള്ളത്. ദുർഘടമായ പാതകളും, പ്രതികൂല കാലാവസ്ഥയും മറികടന്ന് രാത്രിയിൽ അടക്കം നിരീക്ഷണം സജീവമാണ്.
ദേശീയപാത മുറിച്ച് കടക്കുന്ന ആനകളെ കാണാൻ സഞ്ചാരികൾ കൂട്ടമായി എത്താറുണ്ട്. ഇവർ വലിയ ശബ്ദം ഉണ്ടാക്കുന്നതും നിർദേശങ്ങൾ അവഗണിക്കുന്നതും RRT ക്ക് തലവേദനയാവുകയാണ്. അപകടം ഒഴിവാക്കാൻ ഇത്തരം പ്രവർത്തികൾ ചെയ്യരുതെന്നാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ വേനൽചൂട് കടുക്കും. ഇതോടെ കൂടുതൽ ആനകൾ മൂന്നാർ ദേവികുളം ഭാഗത്തേക്ക് എത്താനാണ് സാധ്യത. ഇത് മുന്നിൽ കണ്ട് മൂന്നാർ ഡിഎഫ്ഒ യുടെ നേതൃത്വത്തിൽ RRT യുടെ പ്രവർത്തനം ശാക്തീകരിച്ചു.



