ഒരു വര്‍ഷത്തില്‍ അഞ്ചോ അതിലേറെയോ ഗതാഗത നിയമലംഘനം നടത്തിയാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും; മോട്ടോര്‍ വാഹന നിയമങ്ങളില്‍ ഭേദഗതി

മോട്ടോര്‍ വാഹന നിയമങ്ങളില്‍ പുതിയ ഭേദഗതി. ഒരു വര്‍ഷത്തില്‍ അഞ്ചോ അതില്‍ അധികമോ ഗതാഗത നിയമലംഘനം നടത്തിയാല്‍ മൂന്നുമാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഡ്രൈവര്‍മാരുടെ വാദം കേട്ട ശേഷം ആയിരിക്കും നടപടി എടുക്കുക. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ പുതിയ ഭേദഗതി മുന്‍കാലപ്രാബല്യത്തില്‍ നിലവില്‍ വരും.
നിരത്തിലൂടെയുള്ള അഭ്യാസപ്രകടനങ്ങള്‍ക്കും നിയമലംഘനങ്ങള്‍ക്കും ഇനി കുരുക്ക് മുറുക്കും. മോട്ടോര്‍ വാഹന നിയമത്തില്‍ നിര്‍ണായകമായ ഭേദഗതികള്‍ വരുത്തിയിരിക്കുകയാണ് ഗതാഗത മന്ത്രാലയം.ഒരു വര്‍ഷത്തില്‍ അഞ്ചോ അതില്‍ അധികമോ ഗതാഗത നിയമലംഘനം നടത്തിയാല്‍ മൂന്നുമാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും എന്നതാണ് പുതിയ വ്യവസ്ഥ. ആര്‍ടിഒയ്‌ക്കോ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിനോ ആയിരിക്കും സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം. ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് മുന്‍പ് ഡ്രൈവറുടെ വാദം കേള്‍ക്കും, അംഗീകരിക്കാന്‍ കഴിയാത്ത വാദം ആണെങ്കില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാം.
ഹെല്‍മറ്റ്- സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, റെഡ് സിഗ്‌നല്‍ മറികടക്കുക എന്ന നിയമലംഘനങ്ങളും ഇതില്‍ ഉള്‍പ്പെടും. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വിജ്ഞാപനം ഇറക്കിയത്.റോഡിലെ നിയമലംഘനങ്ങളും അപകടങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. നിയമലംഘനങ്ങള്‍ക്കുള്ള ചലാന്‍ മൊബൈല്‍ നമ്പറില്‍ മൂന്ന് ദിവസത്തിനകമോ കത്ത് മുഖേനയോ 15 ദിവസത്തിനകം വാഹന ഉടമകള്‍ക്ക് നല്‍കണം തുടങ്ങിയ ഒട്ടേറെ ഭേദഗതികള്‍ളും നിയമത്തില്‍ വരുത്തിയിട്ടുണ്ട്.



