
മാങ്കുളം: മാങ്കുളം ആനക്കുളം റോഡിൽ പേമരം വളവിൽ വാഹനാപകടം. അപകടത്തിൽ 4 പേർ മരിച്ചു. അപകടത്തിൽ പെട്ടത് തമിഴ്നാട് തിരുനെൽവേലിയിൽ പ്രവർത്തിക്കുന്ന പാത്രം നിർമ്മാണ യൂണിറ്റിൽ നിന്നും മൂന്നാർ സന്ദർശനത്തിന് എത്തിയവർ.
തേനി ചിന്നമന്നൂർ സ്വദേശി ഗുണശേഖരൻ (71), തേനി സ്വദേശി അവിനാഷ് മൂർത്തി (30), അവിനാഷ് – ശരണ്യ ദമ്പതികളുടെ മകൻ തൻവിക് (1), ഈറോഡ് വിശാഖ മെറ്റൽ ഉടമ പി കെ സേതു (34)എന്നിവരാണ് മരണപ്പെട്ടത്.11 പേർക്ക് പരിക്കേറ്റു.

ആനക്കുളത്തേക്ക് പോകുകയായിരുന്ന തമിഴ്നാട് സ്വദേശികളായ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ട്രാവലർ നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്. വാഹനത്തിൽ 15 പേരായിരുന്നു ഉണ്ടായിരുന്നത്.

ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടമായ ട്രാവലർ പാതയോരത്ത് സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയർ തകർത്ത് നൂറടിയോളം വരുന്ന കൊക്കയിലേക്ക് പതിക്കുകയായിരുന്നു. ഉടൻ ഇതുവഴിയെത്തിയ വാഹനയാത്രികരും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് വാഹനത്തിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചു.വിവിധ വാഹനങ്ങളിൽ എല്ലാവരേയും അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും നാല് പേരുടെ മരണം സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ദത ചികിത്സക്കായി മാറ്റി.