മൂന്നാറില്‍ വീണ്ടും തെരുവ് നായ ആക്രമണം; പത്ത് വയസുള്ള കുട്ടിക്ക് നായയുടെ കടിയേറ്റു

മൂന്നാര്‍: കഴിഞ്ഞ കുറെനാളുകളായി മൂന്നാറില്‍ തെരുവ് നായ ശല്യം നിലനില്‍ക്കുന്നതാണ്. തെരുവ് നായശല്യം നിയന്ത്രിക്കണമെന്ന ആവശ്യം നിലനില്‍ക്കെയാണ് ഒരാള്‍ക്ക് കൂടി മൂന്നാറില്‍ വീണ്ടും തെരുവ് നായ ആക്രമണത്തില്‍ പരിക്കേറ്റിട്ടുള്ളത്.മൂന്നാര്‍ രാജീവ് ഗാന്ധി നഗറില്‍ പത്ത് വയസുള്ള കുട്ടിക്ക് നായയുടെ കടിയേറ്റു. പ്രദേശത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് പേരെയാണ് നായ ആക്രമിച്ചത്.തെരുവ് നായകള്‍ക്കൊപ്പം വളര്‍ത്ത് നായ്ക്കളും പ്രദേശത്ത് ഭീതി പടര്‍ത്തുന്നുവെന്ന് പരാതി ഉയരുന്നുണ്ട്.
രാജീവ് ഗാന്ധി നഗറില്‍ മാത്രമല്ല മൂന്നാര്‍ ടൗണിന്റെ പലയിടങ്ങളിലും അലഞ്ഞ് തിരിയുന്ന തെരുവ് നായ്ക്കള്‍ ഭീതി പടര്‍ത്തുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. രാപകല്‍ വ്യത്യാസമില്ലാതെ നായ്ക്കള്‍ ടൗണിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന സ്ഥിതിയുണ്ട്. രാത്രികാലങ്ങളില്‍ നായ്ക്കള്‍ കൂടുതല്‍ ആക്രമണകാരികളാകുന്നു.
കാല്‍ നടയാത്രികരും ഇരുചക്രവാഹനയാത്രികരുമൊക്കെയാണ് തെരുവ് നായ ശല്യത്തിന്റെ പ്രതിസന്ധി കൂടുതലായി അനുഭവിക്കുന്നത്.നായ്ക്കളെ ഭയന്ന് മാത്രമെ രാത്രികാലങ്ങളില്‍ ആളുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയു.വിദേശ വിനോദ സഞ്ചാരികളടക്കം എത്തുന്ന സംസ്ഥാന പ്രധാന വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ മൂന്നാറിലെ തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ആവശ്യം



