
അടിമാലി: ആകാംക്ഷകൾക്കൊടുവിൽ ദേവികുളം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. എൽ ഡി എഫും യു ഡി എഫും മുമ്പെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നെങ്കിലും ദേവികുളത്താര് യു ഡി എഫിനെ പ്രതിനിധീകരിക്കുമെന്ന ആകാംക്ഷ നിലനിന്നിരുന്നു. ആകാംക്ഷകൾക്ക് വിരാമമിട്ട് എഫ് രാജയെ ദേവികുളം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
നിലവിൽ എൽ ഡി എഫിൻ്റെ കൈവശമുള്ള മണ്ഡലം തിരികെ പിടിക്കാൻ പുതുമുഖ സ്ഥാനാർത്ഥിയെ യു ഡി എഫ് മത്സര രംഗത്തിറക്കിയേക്കുമെന്ന സൂചന മുമ്പെ ഉണ്ടായിരുന്നു. പള്ളിവാസൽ പാറചരിവ് സ്വദേശിയായ എഫ് രാജ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോൺഗ്രസ് അടിമാലി ബ്ലോക്ക് വൈസ് പ്രസിഡൻ്റുമാണ്. മുൻ പള്ളിവാസൽ ഗ്രാമപഞ്ചായത്തംഗവും സർക്കിൾ സഹകരണ യൂണിയൻ ബോർഡംഗവും കൂടിയാണ് എഫ് രാജ.
കഴിഞ്ഞ 4 തവണയായി എൽ ഡി എഫിൻ്റെ കൈവശമാണ് ദേവികുളം നിയോജക മണ്ഡലം.മണ്ഡല രൂപീകരണത്തിന് ശേഷം എല്‍ ഡി എഫും യുഡിഎഫും മാറി മാറി കൈവശം വച്ച മണ്ഡലമാണ് ദേവികുളം.1991 മുതല്‍ 2006 വരെ തുടര്‍ച്ചയായി മൂന്ന് തവണ മണ്ഡലം യുഡിഎഫിനൊപ്പം ചേര്‍ന്ന് നിന്നു.മൂന്ന് തവണയും കോണ്‍ഗ്രസില്‍ നിന്നും മത്സരിച്ച എ കെ മണിയിലൂടെയായിരുന്നു യുഡിഎഫ് മണ്ഡലം നിലനിര്‍ത്തിയത്. പിന്നീട് മണ്ഡലം ഇടത്തോട്ട് ചാഞ്ഞു.
ആഞ്ഞ് ശ്രമിച്ചാല്‍ ഇത്തവണ മണ്ഡലം തിരികെ പിടിക്കാമെന്ന് യുഡിഎഫ് കണക്ക് കൂട്ടുന്നു. തോട്ടം, ആദിവാസി മേഖലകളും കാർഷിക മേഖലയും ചേർന്ന മണ്ഡലമാണ് ദേവികുളം. തോട്ടം മേഖലയിലും കാർഷിക മേഖലയിലും ആളുകൾക്ക് മുഖ പരിചയമുളള എഫ് രാജയെ കളത്തിലിറക്കുന്നതിലൂടെ എം എൽ എ എന്ന നിലയിലുള്ള എ രാജയുടെയും മുൻ എം എൽ എ എന്ന നിലയിലുള്ള എസ് രാജേന്ദ്രൻ്റെയും പ്രചാരണത്തെ മറികടക്കാമെന്ന് യു ഡി എഫ് നേതൃത്വം കണക്ക് കൂട്ടുന്നു. പുതുമുഖ,യുവ സ്ഥാനാർത്ഥി എന്ന നിലയിലും എഫ് രാജക്ക് വോട്ടർമാരെ സ്വാധീനിക്കാനാകുമെന്നാണ് യു ഡി എഫ് നേതൃത്വത്തിൻ്റെ പ്രതീക്ഷ.
സി പി എമ്മിനൊപ്പമായിരുന്ന എസ് രാജേന്ദ്രൻ ബി ജെ പിയിൽ ചേർന്ന് എൻ ഡി എ സ്ഥാനാർത്ഥിയായത് എൽ ഡി എഫ് വോട്ടിൽ വിള്ളൽ ഉണ്ടാക്കുമെന്ന കണക്ക് കൂട്ടൽ യുഡിഎഫിനുണ്ട്. കഴിഞ്ഞ തവണ ഏഴായിരത്തിലധികം വോട്ടുകൾക്കായിരുന്നു മണ്ഡലത്തിൽ എൽ ഡി എഫ് വിജയം കൈവരിച്ചത്. എസ് രാജേന്ദ്രനിലൂടെ ഇടതു വോട്ടുകൾ ചേരുകയും ഭരണവിരുദ്ധ വികാരമുണ്ടാവുകയും മണ്ഡലത്തിൽ ശക്തമായ പ്രചാരണം നടത്തുകയും ചെയ്താൽ രണ്ട് പതിറ്റാണ്ടായി അകന്ന് നിൽക്കുന്ന ദേവികുളം മണ്ഡലത്തെ കൈപ്പിടിയിലൊതുക്കാമെന്ന് യു ഡി എഫ് വിലയിരുത്തുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ എഫ് രാജ മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
മുമ്പെയുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിലൂടെ എൽ ഡി എഫും എൻ ഡി എയും പ്രചാരണത്തിൽ നേടിയ മേൽക്കൈ ശക്തമായ പ്രചാരണ പ്രവർത്തനങ്ങളിലൂടെ വരും ദിവസങ്ങളിൽ മറികടക്കാമെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയും പ്രവർത്തകരും കണക്ക് കൂട്ടുന്നു.



