
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൊടുപുഴ നിയോജക മണ്ഡലത്തിലെ വെങ്ങല്ലൂര്‍ , നെല്ലാപ്പാറ, വണ്ണപ്പുറം, ചെള്ളാവയല്‍ എന്നീ ചെക്ക് പോസ്റ്റുകളില്‍ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ ആഷിഷ് കുമാര്‍ സന്ദര്‍ശനം നടത്തി. ചെക്ക് പോസ്റ്റുകളിലൂടെ ദിവസേന ജില്ലയിലേക്ക് എത്തുന്ന വാഹനങ്ങള്‍ കൃത്യമായി പരിശോധിക്കണമെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ദിവസേനയുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു.
ദിവസേന നൂറിലധികം വാഹനങ്ങളാണ് പരിശോധിക്കുന്നത്. നിലവില്‍ ഇതുവരെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തൊടുപുഴ മണ്ഡലം വരണാധികാരി സബ് കളക്ടര്‍ അനുപ് ഗാര്‍ഗും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ചെക്ക് പോസ്റ്റുകളില്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം പരിശോധന നടത്തുന്നുണ്ട്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന വീഡിയോ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. വീഡിയോ വ്യൂവിംഗ് ടീമും ജില്ലയില്‍ നിരീക്ഷണം നടത്തുന്നതിന് വീഡിയോ സര്‍വൈലന്‍സ് ടീമും പ്രവര്‍ത്തിക്കുന്നു.



