ജനവിധി അറിയാം നാളെ : ദേവികുളം മണ്ഡലത്തിൽ മുന്നണികളുടെ നെഞ്ചിടിപ്പേറുന്നു

അടിമാലി :ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ഒന്നായിരിക്കും ദേവികുളം. ത്രികോണ മത്സരം നടന്നതായുള്ള രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തലാണ് അതിന് കാരണം. നിലവിൽ എൽ ഡി എഫിൻ്റെ സിറ്റിംഗ് സീറ്റാണ് ദേവികുളം. സിറ്റിംഗ് എം എൽ എ അഡ്വ.എ രാജ തന്നെയാണ് നിലവിൽ എൽ ഡി എഫിനായി മത്സരിച്ചത്.
യു ഡി എഫിനായി എഫ് രാജയും എൽ ഡി എഫുമായി കലഹിച്ച് മാറിയ എസ് രാജേന്ദ്രൻ എൻ ഡി എക്കായും മത്സരത്തിനിറങ്ങി. കഴിഞ്ഞ 20 വർഷമായി എൽ ഡി എഫിൻ്റെ കൈവശമാണ് ദേവികുളം. മണ്ഡലം നിലനിർത്താമെന്ന് എൽ ഡി എഫ് കണക്ക് കൂട്ടുമ്പോൾ മണ്ഡലം തിരികെ പിടിക്കാമെന്ന് യു ഡി എഫും കന്നി വിജയം കരസ്ഥമാക്കാമെന്ന് എൻ ഡി എയും കണക്ക് കൂട്ടുന്നു. വിജയത്തിൽ കുറഞ്ഞതൊന്നും മുന്നണികൾ മൂന്നും മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നില്ല.
എൽ ഡി എഫിനും യു ഡി എഫിനും എൻ ഡി എക്കും ദേവികുളം മണ്ഡലത്തിൽ വിജയം അനിവാര്യമാണ്. തോട്ടം, കാർഷിക, ആദിവാസി മേഖലകൾ ചേരുന്ന മണ്ഡലത്തിൽ ആവേശം കൊടുമുടി കയറിയ പ്രചാരണമായിരുന്നു മുന്നണികൾ നടത്തിയത്. മണ്ഡല രൂപീകരണ ശേഷം ദേവികുളം മാറി, മാറി കൈവശം വച്ച ചരിത്രവും എൽ ഡി എഫിനും യു ഡി എഫിനുമുണ്ട്. അഭിമാന പോരാട്ടത്തിൽ അന്തിമ വിജയം ആർക്കൊപ്പമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.



