ഇടതിന്റെ തകര്‍ച്ചയ്ക്ക് കാരണം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ ജനവികാരം? സിപിഐഎമ്മിലെ പിണറായി യുഗത്തിന്റെ ഭാവി

കഷ്ടിച്ച് കടന്ന് കൂടുമെന്ന് സര്‍വ്വേ ഫലങ്ങളെ തിരുത്തി സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗം ആഞ്ഞടിച്ചതിന് കാരണം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ ജനവികാരമാണെന്നാണ് പുറത്തുവരുന്ന അഭിപ്രായങ്ങള്‍. മത സാമുദായിക ഭേദമോ പ്രാദേശിക വ്യത്യാസമോ ഇല്ലാതെ എല്ലാ മേഖലയില്‍ നിന്നും ജനം എല്‍ഡിഎഫിനെതിരെ ആഞ്ഞുകുത്തി. പത്ത് വര്‍ഷത്തെ ഭരണത്തിനൊടുവില്‍ മാറ്റം വരണമെന്ന ചിന്തയാണ് ബാലറ്റില്‍ കണ്ടത്.
തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മുഖമായി ഉയര്‍ത്തിക്കാട്ടിയത് പിണറായി വിജയനെ മാത്രമായിരുന്നു. എങ്ങും മുഖ്യമന്ത്രിയുടെ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് പ്രചാരണം നടത്തിയത് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. വികസനത്തിനും ക്ഷേമത്തിനും അപ്പുറം തുലനം ചെയ്തത് ധാര്‍ഷ്ട്യവും ധിക്കാരവും അധികാര ഭ്രമവും നിറഞ്ഞ ഭരണ ശൈലിയാണ്. തിരുത്തുമെന്ന പറച്ചിലല്ലാതെ ഭരണശൈലിയിലോ ഇടപെടലുകളിലോ ഒരു മാറ്റവുമില്ലാതെയാണ് എല്‍ഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന ചോദ്യവുമായി വന്നവരെ വോട്ടര്‍മാര്‍ പറപ്പിച്ച് കളഞ്ഞു.
ഇടതിന്റെ നെടുങ്കോട്ടകളായി കരുതി പോന്നിരുന്ന തൃക്കരിപ്പൂരും പയ്യന്നൂരും തളിപ്പറമ്പും പേരാമ്പ്രയുമെല്ലാം കടപുഴകി. ധര്‍മടത്ത് സാക്ഷാല്‍ പിണറായി വിജയന്‍ പോലും വിജയിച്ച് കയറാന്‍ നന്നായി വിയര്‍ക്കേണ്ടി വന്നു എന്ന് പറയുമ്പോള്‍ യുഡിഎഫിന്റെ പ്രഹരശേഷി എന്തെന്നത് വ്യക്തമാണ്. പാലക്കാട്, തൃശൂര്‍ ജില്ലകളുടെ കരുത്തിലാണ് എല്‍ഡിഎഫ് ഇത്രയെങ്കിലും സീറ്റിലേക്ക് വന്നത്. സാമുദായിക ധ്രുവീകരണം പോലെയുള്ള പതിവ് ന്യായീകരണം കൊണ്ട് പരാജയത്തെ ന്യായീകരിക്കാന്‍ സിപിഐഎമ്മിനോ എല്‍ഡിഎഫിനോ കഴിയില്ല. കാരണം മതജാതി വ്യത്യാസമോ മലയോരമെന്നോ തീരപ്രദേശമെന്നോ കണക്കാക്കാതെ എല്ലാ ജനങ്ങളും സര്‍ക്കാരിനെതിരെ ആഞ്ഞ് കുത്തിയിട്ടുണ്ട്.
വ്യക്തികേന്ദ്രീകൃത സംവിധാനം മാറണമെന്ന് സൈബറിടങ്ങളില്‍ ബിനീഷ് കോടിയേരി ഉള്‍പ്പെടെ ഇടതു ഹാന്‍ഡിലുകള്‍ ഇതിനോടകം തന്നെ പ്രതികരിച്ചിട്ടുണ്ട്. ‘ഞാന്‍” എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആധുനിക സമൂഹത്തില്‍ ആര്‍ക്കും ഭൂഷണമല്ല. ഇത് പാര്‍ട്ടിക്ക് എതിരെ ഉള്ള ജനവിധി ആയി കാണാനാവില്ല. വ്യക്തികേന്ദ്രീകൃതമായ നിലപാടുകള്‍ക്കെതിരെ ഉള്ളതാണ്. പരമ്പരാഗതമായി പാര്‍ട്ടിക്ക് ഒപ്പം നിന്ന മണ്ഡലങ്ങളില്‍ പോലും വോട്ടുകള്‍ ലഭിക്കാത്തത് വ്യക്തികേന്ദ്രീകൃതമായ തെറ്റുകള്‍ തിരുത്തണം എന്ന മനോഭാവത്തോടെയാണ് പാര്‍ട്ടി അനുഭാവികള്‍ ഉള്‍പ്പെടെ വോട്ട് ചെയ്തത് എന്നത് കൊണ്ടാണ്.
അത് സാഹചര്യത്തിന്റെ വൈകാരികതയാണ്. അതിനെ മാനിക്കണം. അതാണ് തിരഞ്ഞെടുപ്പ് വിധി കാണിക്കുന്നത് – ബിനീഷ് കോടിയേരി കുറിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്തപരാജയം സംഭവിച്ചതോടെ പിണറായി വിജയന് ഇനി കീഴ്‌പോട്ടിറക്കമാണെന്ന് പറയാംഈ തോല്‍വി സിപിഐഎമ്മിന് വെറുമൊരുഅധികാരനഷ്ടമല്ല, മറിച്ച് ദീര്‍ഘകാലമായിപിന്തുടരുന്ന ഒരു നേതൃശൈലിയുടെ അന്ത്യംകുറിക്കല്‍ കൂടിയാണ്. 10 കൊല്ലമായി ഭരണത്തിലുംകാല്‍ നൂറ്റാണ്ടുകാലമായി സിപിഐഎമ്മിന്റെ സംഘടനാ സംവിധാനത്തിലും അവസാനവാക്കായിരുന്നു പിണറായി വിജയന്‍. പാര്‍ട്ടിയേയും സര്‍ക്കാരിനെയും ഉളളംകൈയ്യിലെന്ന പോലെകൊണ്ടുനടന്ന പിണറായി വിജയന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ്.
തിരഞ്ഞെടുപ്പ് തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം പിണറായിയുടെ ചുമലിലാണ്. പിണറായിയുടെഭരണശൈലിക്കും വ്യക്തി കേന്ദ്രീകൃതമായതീരുമാനങ്ങള്‍ക്കും എതിരെയുള്ള ജനവിധി എന്ന നിലയിലായിരിക്കും തോല്‍വി പാര്‍ട്ടിയില്‍ചര്‍ച്ച ചെയ്യപ്പെടുക. ഇത് അദ്ദേഹം മാറിനില്‍ക്കണമെന്ന വാദത്തിന് ശക്തി പകരുകയും ചെയ്യും. ഫലത്തില്‍ യുഡിഎഫ് സുനാമിയില്‍ ഒലിച്ചുപോകുന്നത്പിണറായി വിജയന്‍ സിപിഐഎമ്മിനകത്ത് ഉണ്ടാക്കിവെച്ച സ്വാധീനം കൂടിയാണ്. അടിസ്ഥാന വോട്ടുകളില്‍ വരെ ചോര്‍ച്ചയുണ്ടായ ഈ തിരഞ്ഞെടുപ്പ് ഫലത്തെ വസ്തുതാ പരമായി സമീപിക്കുകയും തിരുത്തുകയും ചെയ്തില്ലെങ്കില്‍ ഇടതുപക്ഷത്തിന്റെ ഭാവി കേളത്തില്‍ ശോഭനമല്ല



