
മൂന്നാര്‍: ഹൈറേഞ്ചിലെ തന്നെ ആദ്യത്തെ ക്രൈസ്തവ ആരാധന കേന്ദ്രമായ മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ ദേവാലയം ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. വിപുലമായ പരിപാടികളോടെയാണ് ബസലിക്ക പ്രഖ്യാപന ചടങ്ങുകള്‍ നടന്നത്.പ്രദക്ഷിണ ശേഷം തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് റവ. ഡോ. തോമസ് ജെ നെറ്റോ ബസലിക്കയുടെ പ്രവേശന കവാടത്തില്‍ ബസലിക്കയുടെ സ്ഥാന ചിഹ്നം അനാവരണം ചെയ്തു.തുടര്‍ന്ന് നടന്ന പൊന്തഫിക്കല്‍ ദിവ്യബലിക്ക് വിജയപുരം രൂപതാ മെത്രാന്‍ റവ.ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ നേതൃത്വം നല്‍കി. ദിവ്യ ബലി മധ്യേ വിജയപുരം രൂപതാ സഹായമെത്രാന്‍ റവ.ഡോ ജസ്റ്റിന്‍ മഠത്തില്‍ പറമ്പില്‍ മാര്‍പ്പാപ്പയുടെ ഡിക്രി വായിച്ച് ബസലിക്ക പ്രഖ്യാപനം നടത്തി.മലങ്കര സഭയുടെ പരമാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ക്ലിമിസ് ബാവ വചന പ്രഘോഷണം നടത്തി.ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലുള്‍പ്പെടെ പന്ത്രണ്ടോളം ബിഷപ്പുമാരുടെ സാന്നിധ്യത്തില്‍ നടന്ന ദിവ്യബലിയിലാണ് ബസിലിക്കയുടെ പ്രഖ്യാപനം നടന്നത്.നൂറിലധികം വൈദികരും സന്ന്യസ്ഥരും നൂറുകണക്കിന് വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.

1898 ല്‍ സ്പാനിഷ് മിഷണായ ഫാ.അല്‍ഫോണ്‍സ് തുടക്കം കുറിച്ച ദൈവാലയം 2024 ഫെബ്രുവരി 27 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ബസിലിക്ക ആയി ഉയര്‍ത്തിയത്. ജില്ലയിലെ ആദ്യത്തെ ബസിലിക്കയും കേരളത്തിലെ പതിനൊന്നാമത്തെയും രാജ്യത്തെ മുപ്പത്തൊന്നാമത്തെ ബസിലിക്കയുമാണ് മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ ദേവാലയം. ദേവാലയത്തിന്റെ പൈതൃകം, പാരമ്പര്യം എന്നിവയൊക്കെ പരിഗണിച്ചാണ് ഉന്നത പദവിയായ ബസലിക്ക പദവി ദേവാലയങ്ങള്‍ക്ക് നല്‍കുന്നത്.തേയില തോട്ട പണികളുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മൂന്നാറില്‍ എത്തിയ തൊഴിലാളികളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുക എന്ന ഉദ്ദേശത്തോടെയാണ് ദേവാലയം നിര്‍മ്മിച്ചത്.