ദേശീയപാത 85-ൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ സർവ്വേ നടപടികൾ പൂർത്തിയായി. .

അടിമാലി :ദേശീയപാത 85-ൽ നിർമ്മാണ ജോലികൾ മുടങ്ങിക്കിടക്കുന്ന നേര്യമംഗലം മുതൽ വളറ വരെയുള്ള ദൂരത്തിൽ വനം – ദേശീയപാത വകുപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി നടന്നുവരുന്ന സർവ്വേ നടപടികൾ പൂർത്തിയായി. ജൂൺ അഞ്ചിനായിരുന്നു സർവ്വേ നടപടികൾക്ക് തുടക്കമിട്ടത്. ഇതുപ്രകാരം തർക്ക നിലനിൽക്കുന്ന 14.5 കിലോമീറ്റർ ദൂരത്തിൽ 20 മുതൽ 33 മീറ്റർ വരെ വീതിയുള്ളതായി കണ്ടെത്തി. 70 ശതമാനത്തിലേറെ സർവ്വേ കല്ലുകളും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. കളക്ടറുടെ നിർദ്ദേശപ്രകാരമാണ് സർവ്വേ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ജൂൺ 5 മുതൽ റോഡ് അളന്നു തിട്ടപ്പെടുത്തുന്ന ജോലികൾ ആരംഭിച്ചത്. വനം വകുപ്പ് ജീവനക്കാരുടെ സഹകരണത്തോടെ രണ്ടാഴ്ച നീണ്ടുനിന്ന സർവ്വേ ജോലികൾ പൂർത്തിയായി.
1977ലെ റീ-സർവ്വേ സ്കെച്ച് പ്രകാരമാണ് ബ്ലോക്ക് നമ്പർ 4ൽ 51 മുതൽ 87 വരെയുള്ള സർവ്വേ നമ്പറുകളിൽ ഉൾപ്പെട്ട ഭാഗത്തെ സർവേ ജോലികൾ പൂർത്തിയാക്കിയത്. റിപ്പോർട്ട് രണ്ട് ദിവസത്തിനകം കളക്ടർക്ക് കൈമാറും. കൊച്ചി-മൂന്നാർ പാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് രണ്ടുവർഷം മുമ്പ് നിർമ്മാണ ജോലികൾ ആരംഭിച്ചെങ്കിലും ഇവിടം വനവകുപ്പിന്റെ തടസ വാദങ്ങളെ തുടർന്ന് ജോലികൾ ആരംഭിക്കാ കഴിഞ്ഞിരുന്നില്ല. കോടതി ഇടപെട്ട് 10 മുതൽ 13 മീറ്റർ വരെ വീതിയിൽ നിർമ്മാണ ജോലികൾക്ക് അനുമതി നൽകിയെങ്കിലും സ്വകാര്യ വ്യക്തി നൽകിയ ഹർജി കാരണം ഒരു വർഷം മുമ്പ് ജോലികൾ തടസ്സപ്പെട്ടു. പാതയുടെ നിർമ്മാണ ജോലികൾ പുനരാരംഭിക്കാൻ ഡീൻ കുര്യാക്കോസ് എംപി, എഫ് രാജ എംഎൽഎ , എൻഎച്ച് സംരക്ഷണസമിതി ഭാരവാഹികൾ എന്നിവരുടെ കത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.
സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ എസ്.എസ് ബിനു, ജില്ലാ സർവ്വേ സൂപ്രണ്ട് എസ് ജ്യോതി, ജില്ലാ ഹെഡ് സർവേയർ ബിനു ആനന്ദൻ, ദേവികുളം താലൂക്ക് ഹെഡ് സർവേയർ ജി ജയപ്രസാദ്, സർവേയർമാരായ എംപി അനീഷ് എം രാജു, കെ ബി അനസ്, ടി ഷൈൻ, പി ഓ ജോയ്, ജോയൽ ജോളി എന്നിവരുടെ നേതൃത്വത്തിലാണ് സർവ്വേ നടപടികൾ പൂർത്തീകരിച്ചത്.



