കേരളത്തിലെ മഴക്കെടുതി; ദുരിതബാധിതർക്ക് അടിയന്തര കേന്ദ്ര സഹായം നൽകണം, അമിത് ഷായെ കണ്ട് യുഡിഫ് എംപിമാർ

കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത പേമാരിയിൽ ഉണ്ടായ നാശനഷ്ടൾക്കു കേന്ദ്ര സർക്കാർ ദുരിത ബാധിതർക്ക് അടിയന്തിര സഹായം നൽകണമെന്നും ഒരു പ്രത്യേക കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ചു പേമാരിയിൽ ഉണ്ടായ നാശനഷ്ടം തിട്ടപ്പെടുത്തി അർഹമായ സാമ്പത്തിക സഹായം നൽകണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചുള്ള നിവേദനം മന്ത്രിക്ക് നൽകി. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് കനത്ത മഴയും വെള്ളപ്പൊക്കവും മൂലം വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായത്.
ഏകദേശം 20 പേർ മരിച്ചതായും, ഏഴു പേരെ കാണാതാവുകയും ചെയ്തു. നിരവധി വീടുകൾ പൂർണ്ണമായും ഭാഗികമായി വീടുകൾ തകരുകയും ചെയ്തിട്ടുണ്ട്. 353 ദുരിതാശ്വാസ ക്യാമ്പുകളിൽ ആയി 13496 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത്, നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി ഒരു കേന്ദ്ര സംഘത്തെ എത്രയും വേഗം നിയോഗിച്ചു യഥാർത്ഥ നഷ്ടം വിലയിരുത്തി ദുരിത ബാധിതർക്ക് സാമ്പത്തിക സഹായം നല്കണമെന്നാവിശ്യപ്പെട്ട് നൽകിയ നിവേദനത്തിൽ എംപിമാരായ ആന്റോ ആന്റണി, കെ സി വേണുഗോപാൽ, എൻ കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ഇ ടി മുഹമ്മദ് ബഷീർ, എം പി അബ്‌ദുൾ സമദ് സമദാനി, എം കെ രാഘവൻ, കെ സുധാകരൻ, കെ ഫ്രാൻസിസ് ജോർജ്, ബെന്നി ബെഹനാൻ, കെ രാധാകൃഷ്ണൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, ജെബി മേത്തർ, പി വി അബ്‌ദുൾ വഹാബ്, ഹാരിസ് ബീരാൻ എന്നിവർ ഒപ്പു വെച്ചു



